കളിവീട്
വറുതിയുടെ
കനൽ കാറ്റു വീശുമ്പോൾ
വീടില്ലാത്തവൻ
വെയിലിൽ വെന്തു
പകൽ നക്ഷത്രത്തെ
ശപിച്ചിട്ടുണ്ടാകും…
നിശബ്ദതയുടെ
താഴ്വരകളിൽ
നിന്നൊരു വല്ലാത്ത
ചൂട് അവനെയാകെ
പൊതിഞ്ഞിട്ടുണ്ടാകും …
നല്ലോർമ്മകളെ
കടം കൊള്ളാനില്ലാത്തതിനാൽ
നോവോർമ്മകളിൽ
തേങ്ങിയവൻ്റെ
മനസു പോലും
തേഞ്ഞിട്ടുണ്ടാകും……
അടക്കിയ
നെടുവീർപ്പുകൾ
ഓരോ മൗനത്തിനപ്പുറവും
അതിരു
കാക്കുന്നുണ്ടാകും
അയൽപക്കങ്ങളിലേക്ക്
അവൻ്റെ അമർത്തിയ
നിലവിളികൾ
പടികടന്നു
ചെല്ലാതിരിക്കാൻ……
മൂപ്പെത്താതെ
വെറും തളിരിലയായ്
ഞെട്ടറ്റു വീഴുമ്പോഴും
ഒരു തണലിനായ്
യാചിക്കാതെയവൻ
തിളച്ച വെയിലിൻ്റെ
തോളിലേക്ക്
തല ചായ്ക്കുകയാകും ..
ഒരു പകൽ
കിനാവിലെങ്കിലും
സ്വന്തമായൊരു വീട്
അവൻ കണ്ടിട്ടുണ്ടാകുമോ?
അവൻ്റെ
ഹൃദയ ഭിത്തിയിൽ
ഏതു മഷി കൊണ്ടാണ്
കുഞ്ഞൻ വീടിൻ്റെ
പടം കോറിയിട്ടിട്ടുണ്ടാവുക…?
അവൻ്റെ ആകാശം
നീലയല്ലാത്തതു പോലെ
ഹൃദയ രക്തത്താൽ
കടും ചുകപ്പാർന്ന
മഷി കൂട്ടായിരുന്നോ
അവൻ വീടിനും നൽകിയത്..?
കളിവീടുണ്ടാക്കിയ
ബാല്യവും
കടലെടുത്ത വീടും
ഹൃത്തിലൊന്ന്
മിന്നി മറഞ്ഞപ്പോൾ
ബാല്യത്തിൽ നിന്നും
വളരണ്ടായിരുന്നെന്ന്
തോന്നിയിട്ടുണ്ടാകില്ലേ ….?
ചോദ്യങ്ങൾ
അവസാനിക്കുന്നില്ല..
മന പെരുക്കങ്ങളായി
കുഞ്ഞു സമ്പാദ്യങ്ങൾ
ഒരുക്കൂടുന്നുമില്ല……
എന്നിട്ടുമിന്നിൻ്റെ
രാവുകളിലവൻ
കത്തിച്ചെറിഞ്ഞ
തീപ്പട്ടി കമ്പുകളും
ഒഴിഞ്ഞ കൂടും
പരതുകയാണ് ….
വീണ്ടുമൊരു
കളിവീടുണ്ടാക്കാൻ !
സിന്ദു കൃഷ്ണ