സംസ്കൃതത്തിൽ ഹ്രസ്വചിത്രവുമായി പല്ലാവൂരുകാരനായ ഒരു യുവ അദ്ധ്യാപകൻ.
(രാമദാസ് ജി. കൂടല്ലൂർ)
പല്ലാവൂർ:-
പൂർണമായും സംസ്കൃതഭാഷയിൽ ചിത്രീകരിച്ച ആദ്യ സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ഫിലിമായ “അമേയ” പുറത്തിറക്കിക്കൊണ്ടാണ് ഹരിപ്രസാദ് മാസ്റ്റർ സംസ്കൃതത്തിൽ പുതുവഴികൾ തേടുന്നത്. ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഹരിപ്രസാദ് തന്നെയാണ്. സംസ്കൃത ഭാരതി കാനഡയും, രുദ്ര ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഒക്ടോബർ ഏഴിന് രുദ്ര ക്രിയേഷൻസിൻ്റെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്ത “അമേയ” ഇതിനോടകം ആയിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.
സംസ്കൃതത്തിൽ പരിജ്ഞാനം കുറവുള്ള മിക്ക മലയാളികൾക്കും സുപരിചിതം ആകാശവാണിയിലെ പ്രഭാതവാർത്തകൾ മാത്രമാണ്. എന്നാൽ അതിനപ്പുറം പലതുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഹരിപ്രസാദ് മാസ്റ്റർ എന്ന ഈ അദ്ധ്യാപകൻ.
പുതിയ കാലഘട്ടത്തിലെ കുടുംബ സാഹചര്യങ്ങൾ കുട്ടികളുടെ മാനസികാവസ്ഥയിൽ ഏൽപ്പിക്കുന്ന ആഘാതമാണ് ചിത്രത്തിൻ്റെ പ്രമേയം.
തങ്ങളുടെ വൈകാരികഭാരങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന രക്ഷിതാക്കളുടെ മനസ്സ് മാറ്റാൻ ഈ ചിത്രത്തിനാവുമെന്നും, സംസ്കൃതത്തിൽ ഇനിയും ഇത്തരം പരീക്ഷണങ്ങൾ തുടരുമെന്നും സംവിധായകൻ കൂടിയായ ഹരിപ്രസാദ് പറയുന്നു.
ദേശീയ നാടക മത്സരങ്ങളിൽ മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും, സംസ്കൃത സാഹിത്യ ശലാകാപരീക്ഷയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനവും നേടിയിട്ടുള്ള ഹരിപ്രസാദ് ഇപ്പോൾ ആലത്തൂർ ബി എസ് എസ് ഗുരുകുലം സ്കൂൾ അധ്യാപകനാണ് .
പല്ലാവൂർ സ്വദേശിയായ കിഴക്കേ ഗ്രാമത്തിൽ താമസിക്കുന്ന ബിസിനസ്സുകാരനായ ജി. ശിവരാമകൃഷ്ണനാണ് ഹരിപ്രസാദിൻ്റെ അച്ഛൻ.
അമ്മ. പ്രീതാലക്ഷ്മി.
വടക്കഞ്ചേരി ഐ എച്ച് ആർ ഡി കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്യുന്ന ഹരിത ടീച്ചർ ഏക സഹോദരിയാണ്.