പട്ടാമ്പി.സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ എറണാകുളം കോതമംഗലം നെല്ലിമറ്റം സ്വദേശി മാന്‍മിഴിക്കുന്ന‍് വീട്ടില്‍ ബിജു (ആസിഡ് ബിജു––46) പൊലീസ് പിടിയില്‍ . പുലർച്ചെ നാലിന് കൂറ്റനാടുവച്ചായിരുന്നു അറസ്‌റ്റ്. തൃത്താല, ചാലിശേരി സ്റ്റേഷൻ പരിധിയിൽ നിരവധി വീടുകൾ കുത്തിത്തുറന്ന് സ്വർണം ഉൾപ്പെടെ കവർന്നിരുന്നു. തണ്ണീർകോട്ടെ വീട്ടിലെ മോഷണം അന്വേഷിക്കുന്നതിനിടയിലാണ് പിടിയിലായത്. പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം.
ബിജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80 മോഷണക്കേസുണ്ട്. തൃത്താല, ചാലിശേരി സ്റ്റേഷൻ പരിധിയിൽ നാല് വീട്ടിൽ മോഷണം നടത്തി. പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലും പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. തൃത്താലയിലും മലപ്പുറത്തും ഒളികേന്ദ്രമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൈയുറ ഉപയോഗിച്ചും സഹായികളില്ലാതെയുമാണ് മിക്ക മോഷണവും. മൊബൈൽ ഒരിടത്ത് വച്ചശേഷമാണ് മറ്റു ജില്ലയിൽ മോഷണം നടത്തുക. അതിനാൽ തെളിവ് ലഭിക്കാറില്ല. വധക്കേസിൽ ശിക്ഷയനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ തേഞ്ഞിപ്പലം സ്വദേശിക്കാണ് മോഷ്‌ടിച്ച സ്വർണം വിറ്റത്. ഇവ കണ്ടെത്തി. മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ഹാൻസ് ഉൾപ്പെടെയുള്ള ലഹരി ഉൽപ്പന്നങ്ങളും പ്രതിയിൽനിന്ന് പിടിച്ചെടുത്തു.
ഹൈക്കോടതിയിലെ അഭിഭാഷകനാണ് വിവിധ കേസുകളിൽ പ്രതിക്കുവേണ്ടി ഹാജരാകുന്നത്. മോഷണമുതൽ വക്കീൽഫീസായി നൽകാറുണ്ടെന്ന് പ്രതി പൊലീസിന് മൊഴിനൽകി. ഇയാളെ പട്ടാമ്പി സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ചാലിശേരി സിഐ കെ സി വിനു, പട്ടാമ്പി സിഐ മുനീർ, കൊപ്പം എസ്ഐ രാജേഷ്, ചാലിശേരി എസ്ഐ അനീഷ്, സ്‌ക്വാഡ് എസ്ഐ ജോളി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്










