പൊലീസിന്റെ ഇടപെടൽ; വയോധികന് പുതുജീവിതം
പാലക്കാട്
വീടിനകത്ത് തളർന്ന് നിലത്തുവീണുകിടന്ന വയോധികന് പൊലീസിന്റെ ഇടപെടലിൽ പുതുജീവിതം. നൂറണിയിൽ സ്വകാര്യ അപ്പാർട്ട്മെന്റിൽ താമസിക്കുന്നയാളെയാണ് പാലക്കാട് കണ്ട്രോൾറൂമിലെ പൊലീസുദ്യോഗസ്ഥർ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ സ്റ്റേഷനിലെത്തിയ അയൽവാസിയുടെ ഫോൺ വിളിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അപ്പാർട്മെന്റിലെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന് അയൽവാസി രാവിലെയും ഉച്ചയ്ക്കും ഭക്ഷണം വീട്ടുവാതിൽക്കൽ എത്തിച്ചു കൊടുത്തിരുന്നു. വൈകീട്ട് ഭക്ഷണം നൽകാനായി പോയപ്പോൾ നേരത്തെ കൊണ്ടുവച്ച ഭക്ഷണം ഇരിക്കുന്നത് ശ്രദ്ധയിപ്പെട്ടു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് അയൽവാസി പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പൊലീസെത്തി വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. കട്ടിലിൽ നിന്ന് താഴെവീണ് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള നിലയിൽ തളർന്നു കിടക്കുകയായിരുന്നു വയോധികൻ. പ്രാഥമിക ശുശ്രുഷ നൽകി ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എസ്ഐ മുഹമ്മദ്, സീനിയർ സിപിഒ എച്ച് മുഹമ്മദ് ഷെരീഫ്, ബെന്നിഫിലിപ്പ്, സിപിഒമാരായ ശ്രീജേഷ്, സതീശൻ എന്നിവരാണ് രക്ഷിച്ചത്.










