രണ്ടുവർഷം മുമ്പ് യാത്രക്കാരെ ആക്രമിച്ച് ആഡംബര കാറും പണവും കവർന്ന കേസിൽ ഒളിവിൽ പോയ യുവാവ് പിടിയിലായി. തൃശൂർ ആളൂർ ചേരിയേക്കര വീട്ടിൽ നിജിൽ തോമസാണ് (33) ആളൂരിൽ വീടിനടുത്ത് കോങ്ങാട് പൊലീസിെൻറ പിടിയിലായത്. 2019 ജൂലൈ നാലിന് പുലർച്ച പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ പന്നിയംപാടത്ത് മലപ്പുറം കുന്നപ്പള്ളി സ്വദേശി ജിതിനും സുഹൃത്ത് ഷെരീഫുമാണ് ആക്രമണത്തിനിരയായത്. ഇവർ സഞ്ചരിച്ച എത്തിയോസ് കാർ തകർത്ത ശേഷം ഇരുമ്പുവടി ഉപയോഗിച്ച് മർദിച്ച ശേഷം ആറരലക്ഷം വിലയുള്ള കാറും 6000 രൂപയും രണ്ട് മൊബൈൽ ഫോണുമാണ് കവർന്നത്.
2019 സെപ്റ്റംബർ 29ന് പുലർച്ച തിരുപ്പൂരിൽനിന്ന് മലപ്പുറത്തേക്ക് പോകുന്ന വേങ്ങര സ്വദേശി സൈതലവിയെ മുണ്ടൂർ എം.ഇ.എസ്.ഐ.ടി.ഐക്ക് സമീപം ആക്രമിച്ച് ഏഴരലക്ഷം രൂപയുടെ എത്തിയോസ് കാറും 40,000 രൂപയും കവർന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കോങ്ങാട് എസ്.എച്ച്.ഒ ജെ.ആർ. രഞ്ജിത്ത് കുമാർ, എസ്.ഐ കെ. മണികണ്ഠൻ, എ.എസ്.ഐമാരായ വി. രമേശ്, കെ.പി. നാരായണൻകുട്ടി, എസ്.സി.പി.ഒമാരായ എം. മൈസൽ ഹക്കീം, പി. സന്തോഷ്, സി. ഷമീർ, എസ്. സജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.