പ്രൊഫ. മോഹൻദാസ് യൂണിവേഴ്സിറ്റി എസ് സി /എസ് ടി സമിതിയിൽ
പാലക്കാട്: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ് സി, എസ് ടി വിദ്യാർഥികൾക്കും ജീവനക്കാർക്കും എതിരെയുള്ള വിവേചനം സംബന്ധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രത്യേക കമ്മിറ്റിയിൽ പാലക്കാട് എം ഇ എസ് വനിതാ കോളേജിലെ പിജി അഡ്വൈസറി ഫാക്കൽറ്റിയും പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലുമായ പ്രൊഫസർ പി ആർ മോഹൻദാസിനെ നോമിനേറ്റ് ചെയ്തു. വൈസ് ചാൻസലർ ഡോക്ടർ എം കെ ജയരാജ് അധ്യക്ഷനായ സമിതിയിൽ യൂണിവേഴ്സിറ്റിയിലെ അൺഎയ്ഡഡ് കോളേജുകളെ പ്രതിനിധീകരിച്ചാണ് പ്രൊഫസർ മോഹൻദാസ് നോമിനേറ്റ് ചെയ്യപ്പെട്ടത്. യൂണിവേഴ്സിറ്റിയിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും എസ് സി എസ് ടി വിഭാഗത്തിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള വിവേചനം അനുഭവിക്കുന്നതായി ആക്ഷേപം ലഭിക്കുന്ന പക്ഷം നിയമത്തിന്റെയും നിബന്ധനകളുടെയും ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് പരിഹാരം കണ്ടെത്തുവാനാണ് യുജിസി നിർദ്ദേശം അനുസരിച്ചുള്ള ഈ പ്രത്യേക സമിതി.
കോട്ടയം പാമ്പാടി വെള്ളൂർ സ്വദേശിയായ മോഹൻദാസ് ദീർഘകാലമായി മണ്ണാർക്കാട്ട് സ്ഥിരതാമസക്കാരനാണ്. നെടുംകണ്ടം എംഇഎസ് കോളേജിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. തുടർന്ന് വിരമിക്കുന്നതുവരെ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിലെ ചരിത്രവിഭാഗം അധ്യാപകനായിരുന്നു.തുടർന്ന് പാലക്കാട് എംഇഎസ് വനിതാ കോളേജ്, പെരിന്തൽമണ്ണ എംഇഎസ് കോളേജ് എന്നിവിടങ്ങളിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു.
നിലവിൽ കോഴിക്കോട് സർവകലാശാല വിദൂര വിദ്യാഭ്യാസ വകുപ്പിലെ ചരിത്രവിഭാഗം പരീക്ഷാ ബോർഡ് ചെയർമാൻ ആണ്. നേരത്തെ സർവ്വകലാശാലയുടെ തന്നെ പി ജി പഠന വകുപ്പിൻറെ അംഗവുമായിരുന്നു.