കൂറ്റനാട് : തൃത്താല പഞ്ചായത്തിലെ മേഴത്തൂർ കോടനാട് തുരുത്ത് ഭാഗത്ത് വീട്ടിലെ വിറകുപുരയിൽ നിന്ന് 2,200 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രതിയും വീട്ടുടമയുമായ അജിത്ത് കുമാർ (38) പട്ടാന്പി മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ഒന്നര മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി കോടതിയിൽ കീഴടങ്ങുന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ് വകുപ്പ് അപേക്ഷ നൽകി. മേഴത്തൂർ കോടനാട് തുരുത്തിലെ വീടിന്റെ പിന്നിലെ വിറകു പുരയിൽ സൂക്ഷിച്ചനിലയിലാണ് ആഗസ്റ്റ്നാലിന് രാത്രിയിൽ 2,200 ലിറ്റർ സ്പിരിറ്റ് കണ്ടെത്തുന്നത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സിഐ കെ. അനൂപ്കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇത് തൃത്താല മേഖലയിലെ 12ലേറെ ഷാപ്പുകളിലേക്കു ലഹരികൂടിയ വ്യാജ കള്ള് നിർമിക്കാൻ എത്തിച്ചതാണെന്ന സൂചനയാണ് അന്നു ലഭിച്ചത്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയുടെ കീഴടങ്ങൽ.