ഇന്ത്യയുടെ പ്രഥമ പൗരനും ശ്രേഷ്ഠ പണ്ഡിതനുമായിരുന്ന ഡോ. കെ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് സപ്തംബര്‍ അഞ്ച്. ഒരു സര്‍വ്വാദരണീയനായ വൈജ്ഞാനികന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജന്മദിനമാണ് ദേശീയ അധ്യാപകദിനമായി രാജ്യം ആദരിക്കുന്നത്. ഈ തീരുമാനം കൈകൊണ്ടത് ഇന്ദിരാഗാന്ധിയായിരുന്നു. വീണ്ടും ഒരു അധ്യാപകദിനം കൂടി കടന്നു വരുമ്പോള്‍ നമുക്കറിയാം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വന്‍ വിപ്ലവമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന്. കോവിഡ് മഹാമാരിയുടെ കടന്നു വരവോടു കൂടി വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ അവരവരുടെ സ്വക്യാര്യയിടങ്ങളിലിരുന്ന് ടെക്‌നോളജിയുടെ സഹായത്തോടെയാണ് വിദ്യാഭ്യാസത്തെ നയിക്കുന്നത്. ഭാരതീയ ശിക്ഷണചരിത്രത്തില്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
സാംസ്‌കാരിക ചിന്തകളേയും ദര്‍ശനങ്ങളേയും സമന്വയിപ്പിക്കുന്നതില്‍ പാശ്ചാത്യവും പൗരാണികവും ആധുനികവുമായ രീതികളെ തെരഞ്ഞെടുത്തു. അതുകൊണ്ട് തന്നെ സമന്വയ ചിന്തകന്‍ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. നാമിന്ന് പറയുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ആശയത്തിന്റെ കര്‍ത്താവു കൂടിയാണ് ഇദ്ദേഹം. ബോധനരീതിയേയും ബോധിതസമൂഹത്തെയും ബന്ധിപ്പിക്കുന്ന ലക്ഷ്യമാണ് വിദ്യാഭ്യാസത്തിന്റെ ശീലമെന്നും അതാണ് മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടത് എന്ന വീക്ഷണമാണ് കെ എസ് രാധാകൃഷ്ണന്‍ പങ്കുവെച്ചത്.
വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം, സ്വഭാവം, നേട്ടം, പ്രയോജനം, ലക്ഷ്യം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ഇവയെ പരസ്പര ബന്ധിത ഘടകങ്ങളെ അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തെക്കുറിച്ച് നിരന്തരം വിചാരിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന വിപ്പാനീലിതന്‍ എന്ന അര്‍ത്ഥത്തിലാണ് മൗലാനാ അബുള്‍ കലാം ആസാദ് അദ്ദേഹത്തെ വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന് വിശേഷിപ്പിച്ചത്. തത്വജ്ഞാനി, പൈതൃകാഭിമാനി, മനുഷ്യാദി നന്ദകന്‍ തുടങ്ങി മുകളില്‍ ഉദ്ധരിച്ചതുള്‍പ്പെടെ അഞ്ച് വിശേഷണങ്ങളാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബുള്‍ കലാം ആസാദ് അല്‍ഹിലാല്‍, തെര്‍ജുമാന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ പലകുറിപ്പുകളിലായി നല്‍കിയത്. താന്‍ പറയുന്ന വിശേഷണങ്ങള്‍ അദ്ദേഹം ലേഖനങ്ങളിലും പ്രസംഗങ്ങളിലും വിശദീകരിക്കുകയും ചെയ്യുമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആഴത്തില്‍ ഗുരുശിഷ്യ ബന്ധം നിലനില്‍ക്കുന്നത് ഇന്ത്യയിലാണ് എന്ന് പാശ്ചാത്യ ചിന്തകന്മാര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഇന്ന് നടക്കുന്ന മതേതരവിരുദ്ധ ആശയങ്ങള്‍ക്ക് പകരം മുന്നോട്ടു വെക്കാനാവുന്നത് കെ എസ് രാധാകൃഷ്ണനെ പോലുള്ളവര്‍ സമൂഹത്തിന് നല്‍കിയ ശക്തമായ മൂല്യാധിഷ്ഠിത വിദ്യ പകരുന്നതിലൂടെയാണ്. നിറം കെട്ട കാലത്താണ് നാം ഉള്ളത്. അതിന്റെ കറ നമ്മുടെ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിന്റെ ഉത്തരവാദിത്വപ്പെട്ടവരിലും നാം കാണുന്നു. മൂല്യസമ്പത്തുള്ള തലമുറകളെ വാര്‍ത്തെടുക്കേണ്ട ഇത്തരം കേന്ദ്രങ്ങളെ വര്‍ഗീയ-അസമത്വ ആശയങ്ങളില്‍ നിന്നും സംരക്ഷിക്കാനുള്ള ഊര്‍ജ്ജമായി മാറട്ടെ ദേശീയ അധ്യാപകദിനവും കെ എസ് രാധാകൃഷ്ണന്റെ ഓര്‍മ്മകളും സംഭാവനകളും. ജയ്ഹിന്ദ്.