വാക്സിനേഷൻ തടയാൻ ശ്രമിച്ച് ബിജെപി അംഗങ്ങൾ
പറളിയിലെ വാക്-സിനേഷൻ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകരെ ബിജെപി അംഗങ്ങൾ കെെയേറ്റം ചെയ്യുന്നു
പാലക്കാട്.പറളി പഞ്ചായത്തിൽ വെള്ളിയാഴ്ച നടത്തിയ വാക്സിനേഷൻ ക്യാമ്പ് തടയാൻ ശ്രമിച്ച് ബിജെപി അംഗങ്ങൾ. 400 പേർക്ക് നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ ബിജെപി അംഗങ്ങളുടെ വാർഡിൽനിന്ന് കുറച്ചുപേരെ മാത്രമാണ് പരിഗണിച്ചതെന്ന് ആരോപിച്ചായിരുന്നു ബഹളം. തർക്കത്തിനിടെ ആരോഗ്യ പ്രവർത്തകരെ കെെയേറ്റവും ചെയ്തു. എന്നാൽ, മുഴുവനാളുകൾക്കും വാക്സിൻ നൽകിയാണ് ക്യാമ്പ് അവസാനിപ്പിച്ചത്.
ശനിയാഴ്ച പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ബുധനാഴ്ച സന്നദ്ധ സംഘടനയുമായി ചേർന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി വാക്സിനേഷൻ ക്യാമ്പ് നടത്തിയത് വിവാദമായിരുന്നു.
പഞ്ചായത്തിനെ അറിയിക്കാതെ സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി രാഷ്ട്രീയ പാർടിക്ക് കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും കെ ശാന്തകുമാരി എംഎൽഎക്കും പഞ്ചായത്ത് പ്രസിഡന്റ് കെ ടി സുരേഷ്കുമാർ പരാതി നൽകി.
ബിജെപി അംഗങ്ങളുടെ വാർഡിൽനിന്നുള്ളവർക്കും ബിജെപി പ്രവർത്തകർക്കും മാത്രമാണ് സന്നദ്ധ സംഘടനയുമായി ചേർന്ന് നടത്തിയ ക്യാമ്പിൽ വാക്സിൻ നൽകിയത്.