അട്ടപ്പാടിയിലെ ജീവിതാനുഭവങ്ങൾ പ്രമേയമാകുന്ന ‘സിഗ്നേച്ചർ’ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്നു. ആസിഫ് അലി നായകനായ ‘ഇതു താൻ ഡാ പൊലീസിന്’ ശേഷം മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിഗ്നേച്ചറിന്റെ രചന നിർവഹിച്ചിരിക്കുന്നത് സിഎംഐ വൈദികനായ ഫാ. ബാബു തട്ടിലാണ്.
അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അവയ്ക്കെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാൻജോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺ വർഗീസ് തട്ടിൽ, ജസ്സി ജോർജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം പൂർണമായും അട്ടപ്പാടിയിലാണ് ചിത്രീകരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണിന്റെ അസിസ്റ്റന്റായിരുന്ന ടി.ആർ. വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
അട്ടപ്പാടിയുടെ പ്രകൃതി മനോഹാരിതയും ഈ സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കുമെന്നും, പ്രകൃതിയെ ഉൾക്കൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന സിനിമ ആയതുകൊണ്ടാണ് ‘സിഗ്നേച്ചർ’ എന്ന
പേര് സിനിമയ്ക്കായി തിരഞ്ഞെടുത്തതെന്നും
സംവിധായകൻ മനോജ് പാലോടൻ പറഞ്ഞു. ഇരുപത്
വർഷത്തിലേറെയായി കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയായി പ്രവർത്തിക്കുന്ന ഫാ. ബാബു തട്ടിലാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അട്ടപാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തെപ്പറ്റി റിസർച്ച് ചെയ്യുന്ന ഫാ. ബാബു തട്ടിൽ, സിഎംഐ സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമായും അട്ടപ്പാടി മേഖലയിൽ സജീവമാണ്. അദ്ദേഹം അവിടെ നേരിട്ടറിഞ്ഞ ജീവിത സന്ദർഭങ്ങളാണ് ഈ സിനിമയിൽ ചർച്ചചെയ്യുന്നത്.
ആക്‌ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകുന്ന ഈ ത്രില്ലർ ചിത്രം അണിയിച്ചൊരുക്കുന്നത് പുതുമുഖങ്ങളെ അണിനിരത്തിയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രധാനവേഷങ്ങളിലെത്തുന്നു. പ്രൊജക്റ്റ് ഡിസൈനർ : നോബിൾ ജേക്കബ്, ക്രീയേറ്റീവ് ഡയറക്ടർ : നിസാർ മുഹമ്മദ്, എഡിറ്റിംഗ് : സിയാൻ ശ്രീകാന്ത്, മേക്കപ്പ് : പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ : അജി അമ്പലത്തറ, കോസ്റ്റും ഡിസൈനർ : സുജിത് മട്ടന്നൂർ, ഡിസൈനിംഗ് : ആന്റണി സ്റ്റീഫൻ, പി ആർ ഒ : എ എസ് ദിനേശ്










