വാളയാർ ∙ ദേശീയപാതയിലെ സിഗ്നൽ കണ്ടു പെട്ടെന്നു ബ്രേക്കിട്ടു നിർത്തിയ ചരക്കു ലോറിയിലേക്കു പിന്നിലെത്തിയ 2 ചരക്കു ലോറികൾ ഇടിച്ചു കയറി മൂന്നാമത്തെ ലോറിയിലെ ഡ്രൈവർക്കു ഗുരുതരമായി പരുക്കേറ്റു. വെല്ലൂർ സ്വദേശി അശ്വിൻ(35) ആണു പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ കാലുകൾ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലിനു ദേശീയപാത കഞ്ചിക്കോട് ആശുപത്രി ജംക്ഷനിലാണു അപകടം. 3 വാഹനങ്ങളും കോയമ്പത്തൂരിൽ നിന്നു ചരക്കുമായി കൊച്ചിയിലേക്കാണു വന്നിരുന്നത്. മറ്റു ലോറികളിലെ 4 ജീവനക്കാർക്കു പരുക്കേറ്റെങ്കിലും ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ ഏറ്റവും പിന്നിലുണ്ടായിരുന്ന ലോറി പൂർണമായും മറ്റു ലോറികൾ ഭാഗികമായും തകർന്നു. ലോറിക്കുള്ളിൽ കുടങ്ങി ചോര വാർന്നു കിടന്ന അശ്വിനെ കഞ്ചിക്കോട് അഗ്നിരക്ഷാസേനയുടെ പരിശ്രമത്തിലാണു പുറത്തെടുത്തത്.
കാബിൻ പൊളിച്ചു നീക്കിയാണു ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഇരുമ്പുപാളികൾ തറച്ചു സേനാംഗങ്ങൾക്കും പരുക്കേറ്റിരുന്നു. അസി.സ്റ്റേഷൻ ഓഫിസർ ടി.ആർ.രാജേഷ്, ഗ്രേഡ് എഎസ്ടിഒ ജി.മധു, സീനിയർ ഫയർ ഓഫിസർ പി.ഒ.വർഗീസ്, സേനാംഗങ്ങളായ വി.കലാധരൻ, കെ.കെ.ഗോപകുമാർ, എസ്.വിനേഷ്കുമാർ, കെ.ചെന്താമരാക്ഷൻ എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്. 2 ദിവസം മുൻപു വാളയാർ–ചാവടിപ്പാലത്തിൽ സമാനമായ വാഹനങ്ങളുടെ കൂട്ടിയിടയിൽ ഒരാൾ മരിച്ചിരുന്നു










