ഓലക്കുടചൂടി തലയിൽ ഒരു കിരീടവുമായി,പുത്തൻ കസവു വസ്ത്രവും തറ്റുടുത്ത് ഇക്കൊല്ലവും പതിവുപോലെ മാവേലിയെത്തി. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ വർഷം കേരളത്തിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നതിൻ്റെ ദു:ഖവും,പ്രജകളെ കാണാനോ, സദ്യയിൽ പങ്കെടുക്കാനോ കഴിയാത്തതിനാൽ.. ഇക്കൊല്ലം കുറച്ചു ദിവസം മുമ്പുതന്നെ മാവേലിത്തമ്പുരാൻ കേരളത്തിൽ പ്രച്ഛന്നവേഷധാരിയായും എത്തിയതിനാൽ, മാസ്ക് ധരിച്ച മനുഷ്യന്മാരുടെ ജീവിതവും കൂടാതെ ഈ ഓണക്കാലം അദ്ദേഹത്തിന് പല പുത്തനറിവുകളും സമ്മാനിച്ചു. ഒരാഴ്ചയോളമായി അരപ്പട്ടിണിയിലാണദ്ദേഹം. കർക്കിടകം 15ന് ആറന്മുളയിൽ തുടങ്ങുന്ന വള്ളസദ്യയിലെ 65ഇനം സദ്യവട്ടങ്ങളും ഓർമ്മയിലൊതുങ്ങി. ആറന്മുള മുതൽ എറണാകുളം വരെയെത്തിയത് ഒരു ഉത്രാടപ്പാച്ചിലിനു സമം തന്നെയായിരുന്നു. എന്നും ഓണത്തിനെത്തുമ്പോൾ മാവേലിയെ പ്രജകൾ കാത്തിരുക്കുമായിരുന്നെങ്കിൽ., ഇത്തവണത്തെ അനുഭവം മാവേലിക്ക് നൽകിയത് വിപരീതമായതായിരുന്നു. ഏറെപ്പണിപ്പെട്ട് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തി തൃശ്ശൂർക്ക് ഒരു ടിക്കറ്റെടുത്തു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന പൊതു പൈപ്പിൽ നിന്നും അല്പം വെള്ളമെടുത്ത് കുടിച്ചു. ബാഗിനകത്തുനിന്നും പ്ലാസ്റ്റിക് ബോട്ടിലെടുത്ത് അതിൽ വെള്ളം ശേഖരിച്ചുവച്ചു ഭാഗ്യമെന്നല്ലാതെന്തുപറയാൻ., റെയിൽവേ സ്റ്റേഷനിൽ ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന അറിയിപ്പ് കേട്ട് അദ്ദേഹം സന്തോഷിച്ചു. എറണാകുളം നോർത്തിൽ നിന്നും ഷൊർണ്ണൂർ ജംഗ്ഷൻ വരെ പോകുന്ന പാസഞ്ചർ ട്രയിൻ ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ നിന്നും അല്പസമയത്തിനകം പുറപ്പെടുന്നതാണ്. അനൗൺസ്മെന്റ് കേട്ടപ്പോൾ അല്പം ആശ്വാസംതോന്നി. അദ്ദേഹം പെട്ടെന്ന് തൻ്റെ ഓലക്കുടയുമായി ട്രെയിനിൽ കയറി. യാത്ര പുറപ്പെടുന്ന സ്റ്റേഷൻ ആയതിനാലാണെന്നു തോന്നുന്നു. സീറ്റുകൾ മിക്കതിലും ആരുമുണ്ടായിരുന്നില്ല. തിരക്കില്ലാത്തതിനാൽ ആശ്വാസത്തോടെ താഴെയുള്ള ബർത്തിൽ അദ്ദേഹം നീണ്ടു നിവർന്നു കിടന്നു., തൻ്റെ അമൂല്യമായ ആടയാഭരണങ്ങളെപ്പറ്റിയോ കൈവശമുണ്ടായിരുന്ന ബാഗിനേപ്പറ്റിയൊ, ഓലക്കുടയെക്കുറിച്ചോ അദ്ദേഹം ചിന്തിച്ചില്ല. കുറെ ദിവസങ്ങളായി പ്രതീക്ഷിക്കാത്ത പല അനുഭവങ്ങളും, പട്ടിണിയും അദ്ദേഹത്തെ തളർത്തിയിരുന്നു. ട്രയിൻ ചൂളംവിളിച്ചുകൊണ്ട് നീങ്ങിത്തുടങ്ങി. മാവേലി നല്ല ഉറക്കത്തിലാണ്. ട്രയിൻ ആലുവ റെയിൽവേസ്റ്റേഷനിലെത്തി. ഏതാനും ആളുകൾ ട്രെയിനിൽ കയറി. അല്പസമയത്തിനുശേഷം ട്രയിൻ വീണ്ടും നീങ്ങിത്തുടങ്ങി. ജനാലയിലൂടെ വരുന്ന കാറ്റിനനുസൃതമായി സീറ്റുകൾക്കിടയിലുള്ള ഒഴിഞ്ഞ സ്ഥലത്ത് വച്ചിരുന്ന അദ്ദേഹത്തിന്റെ ഓലക്കുട ചലിച്ചുകൊണ്ടിരുന്നത് അദ്ദേഹം അറിഞ്ഞില്ല.ട്രയിൻ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും കയറിയ ഏതാനും പേരിൽ ഒരു കുടുംബത്തിലെ നാലഞ്ചുപേരും ഒരു കുട്ടിയുമുണ്ടായിരുന്നു. അവരിൽ രണ്ടുപേരും ഒരു കുട്ടിയും മാവേലിത്തമ്പുരാന് എതിർവശത്തെ സീറ്റിലിരുന്നു. ട്രയിൻ നീങ്ങിത്തുടങ്ങി. മാവേലിയുടെ കിരീടത്തെച്ചൂണ്ടിക്കൊണ്ട് എനിക്ക് അതു വേണമെന്നുപറഞ്ഞ് കരയുന്ന കുട്ടിയുടെ ശബ്ദം കേട്ട് അദ്ദേഹം ഉറക്കത്തിൽ നിന്നും ഉണർന്നു. മോന് ഈ കിരീടം തന്നാൽ മോൻ കരയാതിരിക്കുമോ… എങ്കിൽ മാമൻ ഇതു തരാം. മാവേലിയുടെ വാക്കുകൾ കേട്ട് കുട്ടി കരച്ചിൽ നിർത്തി. മാവേലിയുടെ അടുക്കൽ ലോഹ്യം പറച്ചിലുമായി കൂടിയ പയ്യൻ അദ്ദേഹത്തിന് അല്പ്പം ചിപ്സും, ശർക്കരവരട്ടിയും അമ്മയോടു വാങ്ങി കൊടുത്തു. ആ കുട്ടിയുടെ അച്ഛൻ അദ്ദേഹത്തോട് ചോദിച്ചു? എവിടെക്കാ പോകുന്നത്.? നോം തൃശ്ശൂരിലിറങ്ങണം. ഇത്തവണത്തെ പുലിക്കളിയൊന്ന് കാണണം… കഴിഞ്ഞവർഷം ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ലല്ലോ?., മാവേലി വിഷമത്തോടെ പറഞ്ഞു. അപ്പോൾ നിങ്ങടെ വീടെവിടയാ കുട്ടിയുടെ അച്ഛൻ ചോദിച്ചു. നോം പാതാളത്തീന്ന് വർഷത്തിലൊരിക്കൽ വന്നെത്തുന്ന മാവേലി. ന്നെ., മനസ്സിലായില്ലാ ല്ലേ., അദ്ദേഹത്തിന്റെ പറച്ചിൽ കേട്ട് അവർ ചിരിച്ചു. കുറെ ദിവസമായി ശരിയാംവണ്ണം ഭക്ഷണം കിട്ടീട്ട്. അതിനാലാണ് ഈ കുട്ടി തന്നതെല്ലാം ഇപ്പോൾതന്നെ കഴിച്ചത്. ഓരോരോ വ്യാധികൾ മൂലം നോം ഇന്ന് വല്ലാത്തൊരാധിയിലായി. അദ്ദേഹം സ്വയം പറഞ്ഞു. ട്രയിൻ ചാലക്കുടി സ്റ്റേഷനിൽ എത്തി. ഒന്നുരണ്ടാളുകൾ ഇറങ്ങുകയും, ഒരുപാട് പേർ ട്രയിനിൽ കയറുകയും ചെയ്തു. രണ്ടു യുവാക്കൾ വന്നു, മാവേലി കിടക്കുന്ന സീറ്റിനരികിലെത്തി. എഡോ, എഴുന്നേറ്റിരിക്ക്. ഒരാൾ തുറിച്ചു നോക്കിക്കൊണ്ട് പരുഷമായി പറഞ്ഞു. മാവേലി പതുക്കെ എഴുന്നേറ്റിരുന്നു. മുൻവർഷങ്ങളിൽ വന്നപ്പോഴെല്ലാം ഏവർക്കും നമ്മോട് എന്തുമാത്രം ആദരവും,സ്നേഹവുമായിരുന്നു. ഇന്നിപ്പോൾ കേരളവും, കേരളീയരും ആകെ മാറിയിരിക്കുന്നു. മാവേലി ചിന്തിച്ചു. താൻ ആ കുടയെടുത്ത് ആ ടോയ്ലറ്റിനടുത്ത് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി വച്ചുകൂടേ… ഇതെന്താ ഗുഡ്സ് വണ്ടിയാ? മനുഷ്യന്മാർക്ക് യാത്ര ചെയ്യേണ്ടേ? രണ്ടാമൻ ചോദിച്ചു. ആരോടും പിണങ്ങരുതല്ലോയെന്നുകരുതി ആ ഓലക്കുടയും, സീറ്റിനടിയിൽ വച്ചിരുന്ന ബാഗുമായി, നടക്കാനൊരുങ്ങുമ്പോൾ മാവേലി മന്നൻ കുട്ടിയോട് തൻ്റെ കിരീടം വാങ്ങുവാൻ മറന്നില്ല. ഓരോരുത്തരുടെയും വയറ്റുപ്പിഴപ്പ് അല്ലാതെന്തുപറയാനാ അല്ലേ, കുറേ ദിവസമായത്രേ ശരിയാം വണ്ണം ഭക്ഷണം കഴിച്ചിട്ടെന്നുപറയുന്നു., എന്തൊരു ജാഡയാ ആ വയറിൻ്റെ വലിപ്പം കണ്ടില്ലേ.? ആ കുട്ടിയുടെ അമ്മ ഇത്രയും പറഞ്ഞു കൊണ്ട് സംഭാഷണം നിർത്തുമ്പോൾ, ചാലക്കുടിയിൽനിന്നും കയറിയ ഒരു ചേട്ടൻ പറഞ്ഞു. ഓണക്കാലോല്ലേ, സൂക്ഷിക്കണം ട്ടോ., ആ പന്നീടെമോൻ്റെ കയ്യീ ടിക്കറ്റുപോലും ണ്ടാവില്ലാട്ടോ. കള്ളന്മാർ പല വിധത്തിലാ ആരേം വിശ്വസിച്ചൂടാ. അടുത്തിരുന്ന മറ്റെയാൾ അഭിപ്രായം പ്രകടിപ്പിച്ചു. മാവേലിത്തമ്പുരാൻ ആരോടും പരിഭവമില്ലാതെ ട്രയിനിൻ്റെ ടോയ്ലറ്റിനുസമീപത്തേക്കു നീങ്ങി. മേക്കപ്പിട്ടു നടക്കുന്ന ഡൂപ്ലിക്കേറ്റ് മാവേലി മന്നന്മാരെ ഏവരും ബഹുമാനത്തോടെ കാണുമ്പോൾ, നോം എല്ലായിടത്തും അവഗണിക്കപ്പെടുന്നു. അവരെപ്പോലെ മേയ്ക്കപ്പുണ്ടെങ്കിൽ നമ്മേം എല്ലാരും ബഹുമാനിച്ചെന്നിരിക്കാം. വേണ്ട ആദരവ് നേടിയെടുക്കാൻ കൃത്രിമംകാട്ടുന്നത് മൂഢത്വമാണ്. ഇപ്രകാരം ഓരോന്ന് ചിന്തിച്ച് തുറന്നുകിടക്കുന്ന വാതിൽക്കൽ നിന്നുകൊണ്ട് കേരളത്തിലെ ചില ഹരിതാഭമായ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് മാവേലി തൃശ്ശൂരിലെത്തിയതറിഞ്ഞില്ല. റെയിൽവേ സ്റ്റേഷനിൽ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് മുഴങ്ങി. എറണാകുളത്തുനിന്ന് ഷൊർണ്ണൂർ ജംഗ്ഷൻ വരെ പോകുന്ന പാസഞ്ചർ ട്രെയിൻ തൃശ്ശൂർ ജംങ്ഷൻ മൂന്നാമത്തെ പ്ലാറ്റ് ഫോമിൽ എത്തിയിരിക്കുന്നു. മാവേലി തൻ്റെ ബാഗും,ഓലക്കുടയുമായി ട്രയിനിൽ നിന്നും ഇറങ്ങി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. മാസ്കണിഞ്ഞ് നടക്കുന്ന ആളുകൾക്കിടയിലൂടെ മാസ്കില്ലാതെ വ്യത്യസ്തനായി മാവേലിയും പ്രവേശനകവാടത്തിനെ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു നീങ്ങി. പെട്ടെന്ന് ഒരു പോലീസുദ്യോഗസ്ഥൻ മാവേലിക്കുമുമ്പിൽ വന്നുനിന്നു.അയാളുടെ കൈയ്യിലിരിക്കുന്ന ബാറ്റണിൻ്റെ അറ്റത്തൊരു മാസ്ക് തൂക്കിയിട്ടിരിക്കുന്നു. അതെടുത്ത് ധരിക്കുവാൻ അയാൾ പറഞ്ഞു. അത് മുഖത്തണിഞ്ഞുകൊണ്ട്. മാവേലി പ്രവേശനകവാടത്തിലെത്തി. എല്ലാവരും പുറത്തേക്ക് കടന്നു പോയതിനാലാവണം ആരുംതന്നെ മാവേലിയോട് ടിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചില്ല. കവാടത്തിനു വെളിയിൽകടന്നയുടനെ PPE ഡ്രസ്സണിഞ്ഞ ഒരാൾ വന്ന് മാവേലിമന്നൻ്റെ കൈയ്യിൽ പിടിച്ച് തൊട്ടപ്പുറത്തുള്ള റൂമിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല. നിങ്ങളാരാണ് ? എന്തിനാണ് എന്നെക്കൊണ്ട് പോകുന്നേ മാവേലി വേവലാതിപ്പെട്ടു. PPEകിറ്റ് ധരിച്ചയാൾ മറുപടി പറഞ്ഞത് വ്യക്തമാവുന്നുണ്ടായിരുന്നില്ല. ഒരു കസേരയിലിരുത്തി മാവേലിയെ കോവിഡ്ടെസ്റ്റ് നടത്തിയശേഷം അവർ പേരും,നമ്പറും ആവശ്യപ്പെട്ടു. ഇന്ന് ചിങ്ങം അഞ്ച് തിരുവോണം. ജോലിത്തിരക്കിനിടയിൽ നിങ്ങൾ അതും മറന്നോ..! മാവേലി അവരോട് ചോദിച്ചു. മറ്റൊരാൾ മാവേലിയുടെ അടുത്ത് വന്ന് മൊബൈൽ നമ്പർ പറയൂ എന്ന് ഉറക്കെപ്പറഞ്ഞു. നോം മാവേലിയാണ് പാതാളത്തിൽ നിന്ന്. മനസ്സിലായോ. എനിക്ക് മൊബൈൽ ഫോണൊന്നുമില്ല. അദ്ദേഹം നിസ്സംഗതയോടെ പറഞ്ഞു. ഫോണില്ലാത്തതിനാലും, അവിടെ തിരക്കില്ലാത്തതിനാലും ആരോഗ്യ പ്രവർത്തകർ മാവേലിയുടെ ടെസ്റ്റ് റിസൾട്ട് പെട്ടെന്ന് റെഡിയാക്കി. മാവേലിക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കിയ മാവേലി, ഒരു ഐഡന്റിറ്റി കാർഡും, ഫോൺനമ്പറും ഇല്ലാതെ ഇനിയും ഇവിടെ നിൽക്കുന്നത് പന്തികേടാണെന്നു മനസ്സിലാക്കി. മഹാബലി സ്വയം പ്രാർത്ഥിച്ചു. അല്ലയോ വാമനമൂർത്തേ ഇന്ന് നിങ്ങൾ ഇവിടെ വന്ന് എന്നെ എത്രയും പെട്ടെന്ന് വീണ്ടുമൊരിക്കൽകൂടി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താൻ അങ്ങേക്ക് സന്മനസ്സുണ്ടാവണേ… പാസഞ്ചർ ട്രെയിനിൽ തിരക്കുണ്ടാവില്ലെന്ന പ്രതീക്ഷയോടെ, കൗണ്ടറിൽച്ചെന്ന് എറണാകുളത്തേക്ക് ഒരു ടിക്കറ്റെടുത്ത് അടുത്ത പാസഞ്ചർ ട്രെയിൻ വരുന്നതും കാത്തുകൊണ്ട്., മാവേലിത്തമ്പുരാൻ തൻ്റെ ഓലക്കുടയും, ബാഗുമായി വീണ്ടുമൊരു യാത്രക്കൊരുങ്ങുകയാണ്., പ്രതീക്ഷകളോടെ….
രാമദാസ് ജി. കൂടല്ലൂർ.
21-08-2021.










