സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണസംഘത്തില്‍ 45 ലക്ഷം രൂപയുടെ തട്ടിപ്പ്
പാലക്കാട്: സി.പി.എം. നിയന്ത്രണത്തിലുള്ള കാർഷിക സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണസംഘത്തിലാണ് 45 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹോണററി സെക്രട്ടറി വി.കെ. ജനാർദനനെയും ജീവനക്കാരനായ മണികണ്ഠനെയും സസ്പെൻഡ് ചെയ്തു.
നേരത്തെ സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്. കൃത്യമായ വിവരങ്ങളില്ലാതെയാണ് ഇവിടെനിന്ന് പലർക്കും വായ്പ നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വായ്പ എടുത്തവരുടെ ഒപ്പ് പോലും രേഖപ്പെടുത്തിയിരുന്നില്ല. ഇവരുടെ മറ്റുവിശദാംശങ്ങൾ ലഭ്യമല്ലെന്നും പരിശോധനയിൽ വ്യക്തമായിരുന്നു.
സാമ്പത്തിക ക്രമക്കേടിൽ സി.പി.എം. നേതാക്കൾക്കും പങ്കുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് സഹകരണസംഘം ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ നിലവിലെ ഭരണസമിതിക്ക് യാതൊരു സാമ്പത്തിക നഷ്ടവുമില്ലെന്നാണ് സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.