# കവിത
ചേലിൽ ഞൊറിഞ്ഞൊരു സാരിയിൽ കാക്കപ്പൂ
പാതയോരത്തെത്തി നോക്കുന്നു
മുത്തുകളില്ലാ കൊലുസൊന്നടുത്തതും
കൺകളാൽ പരിഭവം കാട്ടുന്നു.
പലവർണ്ണക്കോടിയൊഴിഞ്ഞൊരു പെട്ടിയും
ചാരിയിരിക്കുന്നൊടിച്ചിറ്റി
പൊന്നോണക്കാറ്റുപോൽ ആടിയും, പാടിയും
പുത്തനുടുപ്പിട്ടതോർക്കുന്നു.
യാത്രചൊല്ലാതന്നു പോയൊരു നേരത്ത്
താഴത്തുവീണൊരാ മൂക്കുത്തിക്കല്ലിനെ
മുണ്ടിൻമടിക്കുത്തിൽനിന്നുമെടു_
ത്തൊട്ടു ലജ്ജയിൽ മുക്കുറ്റി നീട്ടിടുന്നു.
അക്ഷരക്കൂട്ടത്തെയൊന്നാകെ മായ്ക്കുവാൻ
ഏന്തിയൊടിച്ചെടുത്തന്നൊരു പൂവിനാൽ
കയ്യിൽമഷിക്കറ പറ്റിയതോർത്തങ്ങ്
ചേലിൽ ചിരിക്കുന്നു ചെമ്പരത്തി.
വിണ്ടവിരനിലാൽ കവിളിൽ തലോടവെ
മുല്ലകൾ നോക്കുന്നു മുടിയിഴകൾ
മണമെങ്ങുപാറിപ്പറന്നുപോയെന്നൊരു
മന്ത്രത്താൽ മാലകൾ കോർത്തിടുത്തു.
മുള്ളുകൾകൂർത്തതു വകവെക്കാതതിഗാഢം
കെട്ടിപ്പുണർന്നങ്ങു നിന്നിടുമ്പോൾ
ഇനിയെന്നുവരുമെന്ന ചോദ്യം കടിച്ചൊന്നു
ദു:സ്വാദുനോക്കുന്നു കടലാസു പൂ..
നീലഞരമ്പു പടർന്നമിഴികളിൽ
തൂവാതെ വറ്റിച്ച കണ്ണുനീർ കാണാത്ത
ഭാവത്താലൊരുജന്മമായുസ്സിൻ ദു:ഖത്തെ
ചങ്കിലൊതുക്കുന്നു ശംഖുപുഷ്പം.
പിന്തിരിഞ്ഞീടാതെ പോരുന്നനേരത്തൊ_
രുപിടി പൂവുകളുപ്പിലയിൽപൊതി_
ഞ്ഞോടിവരുന്നുണ്ട്..നെഞ്ചിൽ കുരുങ്ങുന്ന
വേദനയാലൊരു തുമ്പച്ചെടി.
ദീപ സന്തോഷ്