ചരിത്രം രേഖപ്പെടുത്താൻ മറന്ന
വിക്ടോറിയ ബോംബ് കേസ്
സ്വാതന്ത്ര പുലരി 75-ാം ആണ്ടിലെത്തി നില്ക്കുമ്പോൾ സഹനത്തിന്റെയും ത്യാഗത്തിന്റയും ഓർമ്മകൾക്കൊപ്പം അടയാളപ്പെടുത്താൻ കഴിയുന്ന അഭിമാന ചിഹ്നങ്ങളിലൊന്നാണ് വിക്ടോറിയ കോളേജ്.
മദ്രാസ് പ്രസിഡൻസിയുടെ അഭിമാനവും
ബ്രിട്ടീഷ് രാജ്ഞിയുടെ പേരിന്റെ പകിട്ടിലും
തലയുയർത്തി നിൽക്കുന്ന വിക്ടോറിയ ജൂബിലി കോളേജിൽ ബോംബ് സ്ഫോടനം നടത്തി ബ്രിട്ടണെ വിറപ്പിക്കാനായിരുന്നു പാലക്കാട്ടെ സ്വാതന്ത്രസമര സേനാനികളുടെ പ്രധാന പദ്ധതി.
കയറം കോടം വേലാണ്ടിയുടെയും വെള്ളമ്മയുടെയും മകൻ കെ വി ചാമുവായിരുന്നു വിക്ടോറിയ ദൗത്യം ഏറ്റെടുത്തത് . സയൻസ് ലാബായിരുന്നു സ്ഫോടനത്തിന് തിരഞ്ഞെടുത്തത്. ചാമുവിന്റെ സഹോദരി മീനാക്ഷിയുടെ മകൻ
എ കെ പ്രഭാകരനെയും കൂടെ കൂട്ടി.വിധ്വംസക ദിനമായി പ്രഖ്യാപിച്ച നവംബർ 17 ഴിനാണ് സ്ഫോടനം നടത്താൻ തിരുമാനിച്ചത്.
1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി
ഗാന്ധിജി, നെഹ്റു ഉൾപ്പടെയുള്ള ദേശീയ നേതാക്കളെയും സംസ്ഥാന നേതാക്കളെയും തുറുങ്കിലടച്ചതിന്റെ പ്രതിഷേധമാണ് ബോംബ് സ്ഫോടനത്തിലൂടെ രേഖപ്പെടുത്താൻ തീരുമാനിച്ചത്.
കോഴിക്കോട്ടെ കീഴരിയൂരിലായിരുന്നു സ്ഫോടനത്തിനാവശ്യമായ ബോംബ് നിർമ്മാണവും രഹസ്യ യോഗങ്ങളും നടന്നത്.
തൃത്താല സ്വദേശി കെ ബി മേനോനായിരുന്നു ബുദ്ധികേന്ദ്രം. മലബാർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി.
പാലക്കാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സ്ഫോടന നീക്കം പോലീസ് മണത്തറിഞ്ഞതിനെ തുടർന്ന് പരാജയപ്പെട്ടു.മുണ്ടൂർ കയറം കോടം ചാമുവും നൊച്ചുപ്പുള്ളി ആനപ്പാറ പ്രഭാകരനും 1943 ആഗസ്റ്റ് 7ന് പോലീസ് പിടിയിലായി.
കോഴിക്കോട് കൊയിലാണ്ടി സബ്ബ് ജയിലുകളിലായിരുന്നു പിന്നെയുള്ള ഒമ്പത്
മാസങ്ങൾ .1944 എപ്രിൽ 18 ന് സൗത്ത് മലബാർ സെഷൻസ് ജഡ്ജ് M A T കോയിലോ എസ്ക്വയർ കേസ് വിധി പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ ഡോ കെ ബി മേനോൻ കെ.വി ചാമു ,എ കെ പ്രഭാകരൻ ഉൾപ്പടെ 14 പ്രതികളെ വെറുതെ വിട്ടിരിക്കുന്നു.
വിധി പുറത്ത് വന്ന് മിനിറ്റുകൾക്കകം ബ്രിട്ടീഷ് സർക്കാർ ചാമു ഉൾപ്പടെയുള്ള പ്രധാനികളെ തിരഞ്ഞുപിടിച്ച് വീണ്ടും തടവിലാക്കി മദ്രാസ് ഹൈക്കോടതിയിൽ അപ്പിൽ നൽകി.മെയ് 17ന് ചാമുവിനെയും സഹപ്രവർത്തകരെയും തഞ്ചാവൂർ തടങ്ങൽ ക്യാമ്പിലേക്കും ഡിസംബർ 19 ന് അതീവ സുരക്ഷയുള്ള വെല്ലൂരിലേക്കും മാറ്റി.ജനുവരി 4 ന് ജഡ്ജി ബയർസ് വിധി പറഞ്ഞു. ചാമുവിന് 7 കൊല്ലം തടവ്. ജനുവരി 29 ന് ചാമു ആലിപ്പൂർ ജയിലിലെത്തി.ആ അപ്പീൽ കേസിന് മേലുള്ള വിധിയിലാണ് ചാമുവിനെ ഏഴ് കൊല്ലം കഠിന തടവിന് ശിക്ഷിക്കുന്നതും കർണ്ണാടക ബെല്ലാരിയിലെ ആലിപ്പുരം ജയിലിലേക്ക് മാറ്റുന്നതും.
1930 ലാണ് ചാമു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ സ്വാതന്ത്രസമരവുമയി അടുക്കുന്നത്.ആത്മാർത്ഥതയും അടിയുറച്ച ആദർശവും കൈമുതലാക്കിയ ചാമു തെക്കൻ മലബാറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ പ്രമുഖരിൽ രണ്ടാമനായിരുന്നു. 1932 ലെ ലാത്തി ചാർജ്ജിൽ
പരിക്കുപറ്റിയ ചാമു 15 മാസം തടവിലായിരുന്നു.
ധീരനായിരുന്നു ചാമു ജി .ആരെയും കൂസാത്ത പ്രകൃതം. ധീരതയൊടെ നെഞ്ച് വിരിച്ചെ നടക്കാറുള്ളുവെന്ന് മുണ്ടൂർ രാവുണ്ണി ഓർത്തെടുക്കുന്നു. വിദ്യാഭ്യാസമില്ലെങ്കിലും നല്ല പ്രാസംഗികനായിരുന്നു. മുണ്ടൂർ പ്രദേശത്തെ ഈഴവ യുവാക്കളെ കോൺഗ്രസ്സിനൊപ്പം നിർത്തി. കോങ്ങാട്, പറളി, മുണ്ടൂർ തുടങ്ങിയ പ്രദേശത്ത് കോൺഗ്രസ്സ് പടുത്തുയർത്തിയതിൽ ചാമുവിന്റെ പങ്ക് നിർണ്ണായകമായിരുന്നു.
അയിത്തോച്ചന പരിപാടികളുടെ മുൻനിര പൊരാളിയായിരുന്നു. മുണ്ടൂർ പെരുങ്കുളത്തും ടിഞ്ഞാറെ കൂത കുളത്തും ഈഴവരെയും ഹരിജനങ്ങളെയും കൂട്ടി വന്ന് നീന്തി കുളിച്ചിരുന്നു. വരാൻ തയ്യാറാവാത്ത ഹരിജനങ്ങളുടെ വീട്ടിലെ പായ കുളത്തിലിട്ട് കഴുകി അയിത്തത്തിനെതിരെ പ്രതിഷേധമുയർത്തി.
മുണ്ടൂര് എന്ന ലേഖനത്തിൽ മുണ്ടൂരിന്റെ കഥാകാരൻ കൃഷ്ണൻകുട്ടി ചാമുവിനെ ഓർത്തെടുക്കുന്നതിങ്ങനെയാണ്.
” സ്വാതന്ത്ര്യം കിട്ടുന്നതിനും പത്ത് കൊല്ലം മുൻപ് ഒരു ജനുവരി 26 ന് പാലക്കാട് കോട്ടമൈതാനത്ത് മുണ്ടൂരിൽ നിന്നും ഒരു ചെറുപ്പക്കാരനെത്തി . അയാളുടെ കൈയ്യിൽ ഒരു പൊതിയുണ്ടായിരുന്നു. പൊലീസുകാരുടെ ശ്രദ്ധയിലൊന്നു പെടാതെ അയാൾ നിന്നു. ത്രീ ു പതാക ഉയർത്തി പറത്താൻ ശ്രമിച്ചതിന് ഇ പി ഗോപാലനെ പോലീസ് പൊതിരെ തല്ലുമ്പോൾ ഭാരത് മാതാ കീ ജയ് എന്നലറികൊണ്ട് ആ ചെറുപ്പക്കാരൻ പൊലീസുകാർക്കിടയിലേക്ക് ചാടി വീണു പതാകയുയർത്തി. കബളിപ്പിക്കപ്പെട്ട പോലീസുകാർ ബോധം കെടുവോളം തല്ലിചതച്ചു. ആ കോൺഗ്രസ്സുകാരനാണ് പിന്നീട് പരക്കെ അറിയപ്പെട്ട കെ വി ചാമു. സാഹസികതയിലേക്ക് എടുത്തു ചാടാൻ എപ്പോഴും തയ്യാറായിരുന്ന ചാമൂജി എന്റെ ദേശത്തേക്ക് രാഷ്ട്രീയ ബോധം കൊണ്ടുവന്ന ആദ്യ കാല രാഷ്ട്രീയ പ്രവർത്തകനായിരുന്നു.”
1948-49 കാലഘട്ടത്തിൽ മുണ്ടൂർ പി സി സി സൊസെറ്റിയുടെ പ്രസിഡന്റുമായിരുന്ന ചാമു ജി 1970 ലാണ് മരണപ്പെടുന്നത്.
ദേശിയ പ്രസ്ഥാനത്തിന് ഒപ്പ സഞ്ചരിച്ച കുടുബമായിരുന്നു ചാമൂജിയുടെത് .
രണ്ടാംലോക മഹായുദ്ധത്തെ തുടർന്ന് ഉടലെടുത്ത ഭക്ഷ്യക്ഷാമത്തിന്റെ മറവിൽ
അരി പൂഴ്ത്തിവെപ്പും കരിംചന്തയും വ്യാപകമായപ്പോൾ , മുണ്ടൂർ ജംഗ്ഷനിൽ വച്ച് അരി ലോറികൾ പിടിച്ചെടുത്ത് സാധരണക്കാർക്ക്. വിതരണം ചെയ്ത കുറ്റത്തിന് ചാമുവിന്റെ സഹോദരൻമാരായ കെ വി വാസുദേവനും കെ വി രാമൻ കുട്ടിയും മൂന്ന് മാസത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ചാമുവിന്റെ സഹോദരി മീനാക്ഷിയുടെ മകനാണ് ബോബു കേസിലെ കൂട്ടുപ്രതി
എ കെ പ്രഭാകരൻ എന്ന ആനപ്പാറ കണ്ടുണ്ണി പ്രഭാകരൻ.ആര്യവൈദ്യൻ പഠനാനന്തരം
ചിറക്കൽ കോവിലകത്ത് തോഴിൽ തേടിപ്പോയ പ്രഭാകരൻ അമ്മാവനായ ചാമുവിന്റെ സ്വാധീനം മൂലമാണ് ഗൂഢാലോചനയിൽ പങ്കെടുത്തതും വിധ്വംസ്വക പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതും.പത്ത് മാസത്തെ വിചാരണ തടവിനൊടുവിൽ പ്രഭാകരൻ ജയിൽ മോചിതനായി. കഞ്ചിക്കോട് സർക്കാർ ഡിസ്പെൻസറിയിൽ ഡോക്ടറായി വിരമിച്ച പ്രഭാകരൻ 1987 ൽ മരണപ്പെട്ടു.
പാലക്കാട് കോയമ്പത്തൂർ ദേശീയ പാതയിലെ നറുകംപുള്ളിപാലം,പാലക്കാടിന്റെയും മലപ്പുറത്തിന്റെയും അതിരു നിശ്ചയിക്കുന്ന തൂതപ്പാലം, മദ്രാസ് പ്രസിഡൻസിയെയും മലബാറിനെയും ബന്ധിപ്പിക്കുന്ന
മലമ്പുഴ കാഞ്ഞിരക്കടവ് റെയിൽവേപ്പാലവും തകർത്ത് യാത്ര ബന്ധം വിച്ഛേദിക്കുകയും ക്വിറ്റ് ഇന്ത്യ സമര പോരാളികളുടെ ലക്ഷ്യമായിരുന്നു.
ടെലിഗ്രാം ലൈൻ മുറിച്ചു നീക്കുക . റെയിൽവേ പാളം ഇളക്കി മാറ്റുക , തപാൽ ബോക്സുകൾ നശിപ്പിക്കുക, കോടതികളുടേയും കോളേജുകളുടെയും പ്രവർത്തനം തടസ്സപ്പെടുത്തുക .രാജ്യസ്നേഹം പ്രസംഗിക്കുക എന്നു തുടങ്ങി ബ്രിട്ടീഷ് ഭരണസംവിധാനത്തിന് മുറിവേൽപ്പിക്കാനുള്ള ശ്രമങ്ങളെ തുടർന്ന് പലരും അഴിക്കുള്ളിലായി…
രാജ്യസ്നേഹത്തിന്റെ പതാകയുമേന്തി
പൊതുയിടങ്ങളെ പോരാട്ട വേദികളാക്കി
ക്വിറ്റ് ഇന്ത്യ സമര സമര ചരിത്രത്തിൽ പാലക്കാടിനെ അടയാളപ്പെടുത്തിയ ദേശസ്നേഹികൾ.ബ്രിട്ടന്റെ തോക്കുകൾക്കും ലാത്തികൾക്കും മുന്നിൽ പതറാതെ ,അടിയുറച്ച ആത്മവിശ്വാസവും സ്വാതന്ത്ര്യ മോഹവുമായി തുറങ്കിലേക്ക് സധൈര്യം നടന്നു പോയവരെ ആദരവോടെ സ്മരിക്കുന്നു.
പാലക്കാടിന്റെ അറിയാചരിത്രം ഡോക്യുമെന്ററിയായി പുറത്തെത്തിച്ചത് പാൽഘാട്ട് ഹിസ്റ്ററി ക്ലബ് ആണ്. ചരിത്ര രേഖകളുടെ പിന്ബലത്തിൽ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ അണിയറ ശില്പികൾ.
രചന സംവിധാനം ബോബൻ മാട്ടുമന്ത
കല സംവിധാനം ലിജോ പനങ്ങാടൻ
ക്യാമറ എഡിറ്റിംഗ് – ദീപക് കിണാശ്ശേരി
സംഗീതം – സജിത് ശങ്കർ