നെന്മാറ : തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയും കേടുവന്ന മാറ്റി സ്ഥാപിക്കുന്നതിനും വാർഷിക അറ്റകുറ്റപ്പണി കരാർ ( എ. എം. സി.) നൽകുന്നതിലെ കാലതാമസവും പുതിയ കരാറുകാരെ കിട്ടാത്തതും. ചിലയിടങ്ങളിൽ കരാർ കാലാവധി കഴിഞ്ഞതും പൊതു ജനങ്ങളെ ഇരുട്ടിൽ ആക്കുന്നു . പഞ്ചായത്തുകളിലെ തെരുവുവിളക്കുകൾ ബഹുഭൂരിപക്ഷവും എൽഇഡി ലൈറ്റുകൾ ആക്കി മാറ്റിയതോടെയാണ് പ്രദേശവാസികൾക്ക് പോലും ബാൾബുകൾ മാറ്റി ലൈറ്റുകൾ കത്തിക്കാൻ പറ്റാതായത്.തെരുവുവിളക്കുകൾ കത്താത്തതിനാൽ വർഷകാലം ആയതോടെ ഗ്രാമീണ മേഖലകളിലെ ഇടവഴികളിലും റോഡുകളിലും കാട്ടുപന്നി, മാൻ, മുള്ളൻ പന്നി, പാമ്പുകൾ തുടങ്ങിയവയുടെ രാത്രി സഞ്ചാരം ആരംഭിച്ചതോടെ മലയോര മേഖലയിലും ഗ്രാമീണമേഖലയിലും അതിരാവില ടാപ്പിംഗ് തുടങ്ങിയ ജോലികൾക്ക് പോകുന്നതിനും വൈകീട്ടും മറ്റും യാത്ര ചെയ്യുന്നതിനും ഏറെ ബുദ്ധിമുട്ടുന്നു. ടൗണിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ തെരുവുവിളക്കുകൾ കത്താത്തതിനാൽ രാത്രി സഞ്ചരിക്കുന്നവരുടെയും വ്യാപാര സ്ഥാപനങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള സിസിടിവി കളിലും രാത്രി യാത്രക്കാരുടെയും വാഹനങ്ങളുടെ നമ്പറും വ്യക്തമാവാത്ത സ്ഥിതിയും ഉണ്ടാകുന്നു. തെരുവ് വിളക്കുകൾ കത്താത്തതിനാൽ റോഡിൽ ഇറങ്ങുന്ന കാട്ടുപന്നി കളും മറ്റും ഇരുചക്രവാഹന കാരെ ആക്രമിക്കുന്നതും പതിവാകുന്നു. പുതിയ കരാറുകാർക്കായി പഞ്ചായത്തുകൾ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട് എന്നും സാങ്കേതിക തടസ്സങ്ങൾ ആണ് അറ്റകുറ്റപ്പണികൾ വൈകുന്നതിന് കാരണം എന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. നിരവധി തവണ പഞ്ചായത്തിലും വാർഡ് അംഗങ്ങളെയും നേരിൽ കണ്ട് പരാതി നൽകിയിട്ടും പഞ്ചായത്ത് അധികൃതർ മേൽനടപടികൾ എടുക്കുന്നില്ലെന്ന് പൊതുജനങ്ങളുടെ പരാതി. നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ ബഹുഭൂരിപക്ഷം തെരുവു വിളക്കുകളും കണ്ണു ചിമ്മിയിരിക്കുകയാണ്. തെരുവുവിളക്കുകൾക്ക് മീറ്ററുകൾ ഏർപ്പെടുത്തിയതോടെ പഞ്ചായത്തുകൾക്ക് കത്താത്ത തെരുവു വിളക്കുകളുടെ വൈദ്യുതി തുക നൽകേണ്ടന്ന ലാഭവും ഉണ്ട്. നെന്മാറ പഞ്ചായത്തിലെ, പോത്തുണ്ടി, മാട്ടായി, അകമ്പാടം, ചാത്തമംഗലം. അയിലൂർ പഞ്ചായത്തിലെ പാളിയ മംഗലം, ഒലിപ്പാറ, കരിമ്പാറ, തളിപ്പാടം, കൈതച്ചിറ. തുടങ്ങി മിക്ക പ്രദേശങ്ങളിലെയും തെരുവുവിളക്കുകൾ ഒന്നോ രണ്ടോ എണ്ണം മാത്രമായി ചുരുങ്ങി. തെരുവിളക്ക് പരിപാലനത്തിന് കരാർ എടുക്കുന്ന സ്ഥാപനങ്ങൾ ഗുണനിലവാരമില്ലാത്ത വിലകുറഞ്ഞ ചൈനീസ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതുകൊണ്ടാണ് തെരുവുവിളക്കുകൾ ആഴ്ചകൾ മാത്രം പ്രവർത്തിച്ച സ്വയം കണ്ണ് ചിമ്മുന്നത്. തെരുവു വിളക്കുകളുടെ ഗുണനിലവാരം പഞ്ചായത്തുകളിലെ എൽ എസ് ജി ഡി എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കാത്തത് കരാറുകാർക്ക് ഗുണമാവുന്നത്. പുതുതായി സ്ഥാപിക്കുന്ന തെരുവുവിളക്കുകൾക്ക് നിശ്ചിതകാലം ഗ്യാരണ്ടി ഉണ്ടെങ്കിലും അതുപോലും പാലിക്കപ്പെടുന്നില്ല സ്ഥാപിച്ച കമ്പനികൾ. പഞ്ചായത്തുകളിൽ പുതുതായി സ്ഥാപിച്ച വയ്ക്ക് ഗ്യാരണ്ടിയും നിലവിലുള്ളവയ്ക്ക് വാർഷിക അറ്റകുറ്റപ്പണിക്കും ആയാണ് ഓരോ പഞ്ചായത്തും ലക്ഷങ്ങൾ ചെലവഴിക്കുന്നത്. ഒരേ കരാറുകാരൻ തന്നെ ഒന്നിലേറെ പഞ്ചായത്തുകളിൽ കരാർ എടുക്കുന്നതിനാൽ ഗ്യാരണ്ടി ഉള്ളവർക്ക് പോലും സമയാസമയങ്ങളിൽ പരിപാലനം ലഭിക്കുന്നില്ല. ഗ്യാരണ്ടി ഉള്ള തെരുവു വിളക്കുകളുടെ ലിസ്റ്റും വാർഷിക അറ്റകുറ്റപ്പണികൾ മാത്രം വരുന്നവരുടെ ലിസ്റ്റ് പോലും പഞ്ചായത്തുകളിൽ ലഭ്യമല്ല. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിയും കത്തിക്കലിലും പഞ്ചായത്ത് ഭരണസമിതികൾ ഇടപെടാതെ ഇക്കാര്യത്തിൽ കരാറുകാരെ പഴിചാരി ഇരുട്ടിൽ തപ്പുന്നു.