കര്‍ഷകനായ വള്ളിക്കോട് പാറലോടി വീട്ടില്‍ വേലുക്കുട്ടി (56) ബ്ലേഡുമാഫിയ സംഘത്തിെന്റ ഭീഷണിമൂലം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളിലൊരാളെ ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മേപ്പറമ്ബ് സ്വദേശി കല്ലേക്കാട് അഞ്ജലിയില്‍ സുധാകരന് (46) ആണ് പിടിയിലായത്. വീടിെന്റ പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഉൗര്‍ജ്ജിതമാക്കി.
വേലുക്കുട്ടിയെ വീടിന്നടുത്ത് റെയില്‍വെ ട്രാക്കില്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ ഇടിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കടം വാങ്ങിയ തുകയും പലിശയും കൂട്ടുപലിശയും തിരിച്ചടച്ചിട്ടും ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്ന് പലിശക്കാരുടെ ഭീഷണി ഭയന്നാണ് വേലുക്കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
വേലുക്കുട്ടിയുടെ ഭാര്യ വിജയകുമാരി ജില്ല പൊലീസ് മേധാവിക്ക് നല്കിയ പരാതി പ്രകാരം ചന്ദ്രനഗര്‍ കറുപ്പത്ത് ദേവദാസ് എന്ന ദേവന്, സഹോദരന് പ്രകാശ്, കല്ലേക്കാട് വാലിപറമ്ബ് സുധാകരന് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അഞ്ച് വര്‍ഷം മുന്‍പ് മകളുടെ വിവാഹാവശ്യത്തിന് മൂന്ന് ലക്ഷം രൂപ പ്രതികളില്‍ നിന്ന് പലിശക്ക് വായ്പ വാങ്ങിയിരുന്നു. മാസം തോറും അര ലക്ഷം രൂപ വരെ പലിശ നല്കി. തിരിച്ചടവ് തെറ്റുമ്ബോള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതും പതിവായി. തിരിച്ചടവും പലിശ ഇനത്തിലും പലരില്‍ നിന്ന് കടം വാങ്ങിയും ആഭരണം പണയം വെച്ചും പത്ത് ലക്ഷം രൂപ വരെ തിരിച്ചുനല്‍കി. ഇതിനിടയില്‍ ചെക്കുകളിലും മുദ്രപത്രങ്ങളിലും നിര്‍ബന്ധപൂര്‍വ്വം ഒപ്പിട്ട് വാങ്ങി.
20 ലക്ഷം രൂപ കടമുണ്ടെന്നും അതിനു പകരമായി വേലുക്കുട്ടിയുടെ പേരിലുള്ള 35 സെന്‍്റ് ഭൂമി രജിസ്റ്റര്‍ ചെയ്തു തരണമെന്നും മുദ്രപത്രത്തിലെഴുതിയ കരാറില്‍ ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങി. ഭൂമി കൈമാറാന്‍ തയ്യാറാവാത്തതിനാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭൂമി പലിശക്കാരുടെ പേരില്‍ എഴുതി വാങ്ങാന്‍ ഈ മാസം 20 ന് വീട്ടിലെത്തുമെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. ആ ഭീഷണി ഭയന്നാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് ഭാര്യ വിജയകുമാരി പരാതിയില്‍ പറയുന്നു.
േബ്ലഡുകാര്ക്ക് തിരിച്ച് നല്കാന് മറ്റൊരാളില്‍ നിന്ന് 40,000 രൂപ പലിശക്ക് വാങ്ങിയിരുന്നു. ആ തുകയുടെ അടവ് മുടങ്ങിയപ്പോള്‍ വാങ്ങിയത് നാല് ലക്ഷമാണെന്ന് ചെക്കില്‍ എഴുതി ചേര്‍ത്ത് വേലുക്കുട്ടിക്കെതിരെ അയാള്‍ പൊലീസില്‍ പരാതി നല്‍കിയതായി കുടുംബം പറയുന്നു.
ഈ പരാതി പ്രകാരം പൊലീസ്, ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയതായും തുടര്‍ന്ന് നാല് ലക്ഷം രൂപ നല്‍കാനുണ്ടെന്ന് പരാതിയില്‍ ഒപ്പ് വെച്ചെന്നും വിജയകുമാരി പറയുന്നു.