അമ്മൂമ്മ കുഞ്ഞുമോൾക്കായി ഓരോദിവസവും പോഷകസമൃദ്ധമായ ആഹാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുവാൻ തുടങ്ങിയത്. വല്യ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും, വൈവിധ്യമാർന്ന ഒട്ടനവധി ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കുന്നതിൽ അമ്മൂമ്മയുടെ നിപുണത എടുത്തുപറയേണ്ടതാണ്. അമ്മൂമ്മയുടെ അടുക്കള എന്നപേരിലുള്ള ഭക്ഷണശാലയിലെ വീട്ടിലെ ഊണ് നാട്ടുകാർക്കിടയിൽ പേരുകേട്ട സ്ഥാപനമാണ്. വീടിനു തൊട്ടപ്പുറത്തുള്ള പൗൾട്രി ഫാം പോലുള്ള കോഴിവളർത്തലും കോഴികളെ പരിപാലിക്കുന്ന രണ്ടു കുഞ്ഞുങ്ങളേയും പലരും മിക്കപ്പോഴും കൗതുകത്തോടെ നോക്കി നിൽക്കുന്നത് ഒരു പതിവു കാഴ്ചയാണ്. ഏകദേശം പത്തു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന കുഞ്ഞുവും,പാത്തുവും അയൽവാസികളാണ്. പഠനകാര്യങ്ങളിൽ മാത്രമല്ല അവരുടെ സൗഹൃദം കാണാൻ കഴിയുന്നത്. തൊട്ടടുത്ത വീടുകളിലെ താമസക്കാരാണവരെന്ന് ആർക്കും തോന്നാറില്ല. ഇരട്ടസഹോദരിമാരാണെന്ന് പലരും ചിന്തിക്കുന്ന രീതിയിലാണ് അവരുടെ സൗഹൃദം. അതുപോലെ തന്നെയാണ് ഉമ്മച്ചീടെയും, അമ്മൂമ്മയുടെയും സൗഹൃദവും. പഞ്ചായത്തിൻ്റെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളായി മുട്ടക്കോഴികുഞ്ഞുങ്ങളും മറ്റ് ഏതാനും ആനുകൂല്യങ്ങളും അമ്മൂമ്മക്ക് പലപ്പോഴും ലഭിച്ചിട്ടുണ്ട്. എങ്കിലും കുറെയേറെ വിവിധതരംകോഴികളേയും, കോഴിക്കുഞ്ഞുങ്ങളേയും വിലക്കു വാങ്ങുന്നത് പതിവായിരുന്നു. അമ്മൂമ്മ വീട്ടിൽ വളർത്തുന്ന കോഴികളെ ബിരിയാണിക്കായി ഉപയോഗിക്കുന്നതിനാൽ അമ്മൂമ്മയുടെ ബിരിയാണിക്ക് നാട്ടിൽ വലിയ ഡിമാൻ്റാണ്. അമ്മൂമ്മ ഓരോ പണികളിൽ ഏർപ്പെടുമ്പോൾ കൂടിനകത്തുനിന്നും കോഴികളെ പുറത്തേക്ക് തുറന്നുവിടുന്നതും, കോഴിമുട്ടയെടുക്കുന്നതും കുഞ്ഞുമോളും, അവളുടെ കൂട്ടുകാരി പാത്തുവും കൂടിയായിരുന്നു. മിക്കപ്പോഴും പാത്തുവിന് കോഴിയുടെ കൊത്തുകിട്ടുന്നതും പതിവാണ്. ആ സമയത്തെല്ലാം പാത്തു പറയും അടുത്തബിരിയാണിയിൽ നിനക്കും ഒരു ചാൻസ് കാണുന്ന്ണ്ട് ട്ടോ…! വേണ്ട., കളി എന്നോടു വേണ്ടെന്നും പാത്തു കോഴികളെ നോക്കി സ്വയം പറയും. മിക്കദിവസങ്ങളിലും അമ്മൂമ്മയുടെ അടുക്കളയിൽ സസ്യപഥാർത്ഥങ്ങളായിരിക്കും. ഏതാനും ഞായറാഴ്ചകളിലും, വിശേഷദിവസങ്ങളിലും അമ്മൂമ്മയുടെ ചിക്കൻ ബിരിയാണിക്കായി ടോക്കൺ വാങ്ങുവാൻ എത്തുന്നവർ അനവധിയാണ്. ബിരിയാണി തയ്യറാക്കുന്നദിവസങ്ങളിൽ അമ്മൂമ്മയെ സഹായിക്കുന്നതിന് സ്ഥിരമായി എത്തുന്നവരിൽ ഒരാളാണ് പാത്തുവിൻ്റെ ഉമ്മ. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. അന്നും പതിവുപോലെ വെളുപ്പാൻ കാലത്ത് ഉമ്മയോടൊത്ത് വരുന്ന പാത്തുവിനേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.,കുഞ്ഞുമോൾ. അമ്മൂമ്മ പതിവിലും നേരത്തെ ഉണർന്നെണീറ്റെങ്കിലും പാത്തുവും,ഉമ്മയും വരുന്നതും നോക്കിയിരിക്കുകയായിരുന്നു., കുഞ്ഞുവും, അമ്മൂമ്മയും. പ്രഭാതത്തെ വരവേറ്റുകൊണ്ട് തൊട്ടപ്പുറത്തുള്ള അമ്പലത്തിൽ നിന്നുള്ള സുപ്രഭാതകീർത്തനങ്ങൾ മധുരതരമായി ഒഴുകിയെത്തുന്നുണ്ടായിരുന്നു. പാത്തുവിൻ്റെ സാമീപ്യം കൂടിനകത്തുള്ള കോഴികളെ കലപില ശബ്ദമുണ്ടാക്കുവാൻ പ്രേരിപ്പിച്ചു. പാത്തൂ… ഇന്നത്തേക്ക് ഒരു പതിനഞ്ചെണ്ണം മതി. പതിനാലെണ്ണമായാലും മതീട്ടോ. ഇങ്ങിനെ പറഞ്ഞു കൊണ്ട് പുകനിറയുന്ന അടുക്കളയിലേക്ക് അമ്മൂമ്മ ധൃതിയോടെ പോയി. കൂടിനകത്തുനിന്നും കോഴികളെ ഓരോന്നായി ഓരോ കൂടക്കകത്തേക്ക് തള്ളിവിടുന്നത് പാത്തുവും, കോഴികളെ ഉമ്മയുടെ അടുത്തേക്ക് എത്തിക്കുന്ന ജോലി കുഞ്ഞുവിനുമാണ്. ഇപ്പോൾ പത്തെണ്ണമായി. ഇനി നാലു വലിയ കോഴികൾ മാത്രം മതീട്ടോ., പാത്തുവിനോടായി കുഞ്ഞുപറഞ്ഞു. ആ കാണുന്ന കറുപ്പും,ചുവപ്പും നിറമുള്ള പൂവൻകോഴിയെ എന്തുതന്നെയായാലും ഇന്ന് ഉമ്മാൻ്റടുത്തെത്തിക്കണം. കഴിഞ്ഞദിവസം എൻ്റെ കയ്യിൽ കൊത്തിയതാണ്. നിനക്കത് ഓർമ്മയില്ലേ കുഞ്ഞൂ.? കൈയ്യിൽ തടവിക്കൊണ്ട് പാത്തു പരിഭവത്തോടെ പറഞ്ഞു. കുഴപ്പക്കാരെല്ലാം ഉമ്മാൻ്റടുത്തേക്ക് ആദ്യം പോകട്ടേ കുഞ്ഞുവും അഭിപ്രായപ്പെട്ടു. ഉമ്മാ പതിന്നാലെണ്ണമായിട്ടോളീൻ പാത്തു സ്വതസിദ്ധമായ ശൈലിയിൽ വിളിച്ചു പറഞ്ഞു. ശരി മറ്റുള്ള കോഴികളെയെല്ലാം തുറന്നുവിട്ടിട്ട് രണ്ടാളും അപ്പുറത്തെ മുറിയിൽപോയി വല്ലതും പഠിക്ക് ട്ടോ…, ഉമ്മാ ആ വെള്ളക്കോഴിയില്ലേ കൂടിന്റെ മൂലയിൽതന്നെ കള്ളത്തരംകാട്ടി കിടക്കുകയാണ്. എന്നുപറഞ്ഞുകൊണ്ട് അവർ രണ്ടു പേരും കൂടി കോഴികളെ കൊല്ലുന്നത് കാണാനായി ഉമ്മച്ചീടെ അടുത്തേക്ക് ചെന്നു. ൻ്റെ പാത്തൂ ങ്ട് ബരണ്ടാന്ന് പറഞ്ഞാ മനസ്സിലാകില്ലാല്ലേ? ഒരു കോഴിയുടെ കഴുത്തിൽ പിടിച്ച് തിരിച്ചു ഒരു പെട്ടിയിൽ ആ കോഴിയെ ഇട്ടതിനു ശേഷം, ഒരു വടിയുമായി വരുന്ന ഉമ്മച്ചീടെ വരവ് അവരെ ഭയചകിതരാക്കി. അവരിരുവരും അവിടെനിന്നും ഓടിപ്പോയി. മരണവെപ്രാളത്തോടെ ചിറകിട്ടടിക്കുന്ന കോഴിയെക്കാളും ഹൃദയമിടിപ്പ് അനുഭവപ്പെടുന്നതായി പാത്തുവിനും, കുഞ്ഞുവിനും തോന്നി. മറ്റൊരു പെട്ടിയിൽനിന്നും ഒരു കോഴിയെ എടുത്ത് വൃത്തിയാക്കുന്നതിനിടെ ഉമ്മച്ചീടെ അടുക്കൽ നിന്നും കുറേശ്ശയായി കോഴിയിറച്ചി അടുക്കളയിലേക്ക് കൊണ്ടുപോകുന്ന അമ്മൂമ്മയെ അവരിരുവരും കാണുന്നുണ്ടായിരുന്നു. അടുക്കളയിൽ അമ്മൂമ്മയുടെ സഹായി ചീരുവും തിരക്കിലാണ്. ഉള്ളിയുടെയും,മസാലയുടെയും രൂക്ഷമായ ഗന്ധം അവരെ കൊതിപ്പിച്ചു. തിരക്കിനിടയിലും അമ്മൂമ്മ അവർക്ക് ഓരോ ചായകൊണ്ടു കൊടുത്തു. രണ്ടുപേരും ഈ ചായകുടിച്ചിട്ട് വീട്ടിൽ പോയി കുളിച്ചു റെഡിയായിട്ട് പന്ത്രണ്ടു മണിക്ക് വന്നാമതീട്ടോ… അപ്പോഴേക്കും മക്കൾക്ക് അമ്മൂമ്മ ബിരിയാണി റെഡിയാക്കാം. അവരിരുവരും ശരിയെന്ന് തലകുലുക്കി സമ്മതിച്ചു. അമ്മൂമ്മ അകത്തേക്ക് പോയി. നിനക്ക് ഈ കോഴീനെ കൊല്ലാനറിയ്വോ പാത്തു ചോദിച്ചു. എനിക്കറിയില്ല. നിന്റെ ഉമ്മാനറിയാമല്ലോ.. കുഞ്ഞു മറുപടി പറഞ്ഞു. ന്നാപ്പിന്നെ നീ കേട്ടോ എനിക്കും അതെല്ലാം അറിയാം. എന്നാൽ നീ എന്തേ നിന്റെ ഉമ്മാനെ സഹായിക്കാൻ ചെല്ലാതിരിക്കുന്നത്? കുഞ്ഞൂ ഈ കോഴീൻ്റെ ജീവശാസ്ത്രം എന്നൊരു സംഗതിയുണ്ട് നിനക്കറിയ്വോ? പാത്തു ചോദിച്ചു. അറിയില്ല. നീ പറഞ്ഞു തര്വോ. ന്നാൽ നീയിതു ശ്രദ്ധിച്ചു കേൾക്കണം ട്ടോ…. പാത്തു പറഞ്ഞുതുടങ്ങി. 1.പൂവൻ കോഴി മുട്ടയിടില്ല. അതിപ്പോ എല്ലാർക്കും അറിയാം. കുഞ്ഞു പറഞ്ഞു. 2.ചില പിടക്കോഴികളും മുട്ടയിടാറില്ല. കുഞ്ഞു, പാത്തുവിൻ്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുകയാണ്. 3.ചില കോഴികൾ മുട്ടയിടാൻ മടിക്കുന്നവയാണ്. അത് തീറ്റയുടെ കുറവ് വരുമ്പോൾ മുട്ട കിട്ടുന്നത് കുറവാണ് എന്ന് എല്ലാവർക്കും അറിയാം എന്ന് കുഞ്ഞു അഭിപ്രായപ്പെട്ടു. 4.ചില കോഴികൾ ഒരുദിവസം ഒന്നിലധികം മുട്ടകളിടാറുണ്ട്. ഇങ്ങനെ ഒരു വാർത്ത അടുത്തിടെ പത്രത്തിലുണ്ടായിരുന്നത് ഞാനും ശ്രദ്ധിച്ചു. പക്ഷെ നമ്മുടെ നാട്ടിൽ അങ്ങിനെയുള്ള കോഴികളൊന്നുമില്ലല്ലോ? കുഞ്ഞു പറഞ്ഞു. ആകൂടിനകത്ത് മൂലയിൽ കിടക്കുന്ന വെള്ളക്കോഴി ദിവസേന രണ്ടു മുട്ടയിടാറുണ്ട്. ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. നീ ശ്രദ്ധിച്ചിട്ടുണ്ടോ? എടീ മണ്ടത്തരം പറയല്ലേ. മുട്ടയിട്ട് കോഴികൾ പുറത്തേക്ക് പോയാൽപിന്നെ, അവിടെയുള്ള മുട്ടകളെല്ലാം കൂട്ടിൽ കിടക്കുന്ന കോഴിയുടെ മുട്ടയാണ് എന്ന് നീ തെറ്റിദ്ധരിച്ചിരിക്കുകയാണ്. നീ ഒരു മണ്ടി തന്നെ. കുഞ്ഞു ചിരിച്ചു. എന്താ പിള്ളേരെ നിങ്ങളിനിയും പോയില്ലേ? ശബ്ദം കേട്ട് അവർ ഞെട്ടിത്തിരിഞ്ഞു നോക്കി. പിന്നിൽ അമ്മൂമ്മ. പാത്തൂ… നമുക്ക് ഒരു കോഴിയെകൂടി പിടിക്കണം ട്ടോ ഇന്ന് അൽപ്പംകൂടി ഓർഡർ ഉണ്ട്. അമ്മൂമ്മേ കൂടിനകത്ത് ഒരു വെള്ളക്കോഴിയുണ്ട്. ഞാൻ അതിനെക്കൊണ്ടുവരാം. പാത്തുവും കുഞ്ഞുവും കൂടിനടുത്തേക്ക് ഒരു നീളൻ വടിയുമായി നീങ്ങി. കുഞ്ഞു കൂടിന്റെ കമ്പികൾക്കിടയിലൂടെ വടികൊണ്ട് കോഴിയെ പുറത്തേക്കു കൊണ്ടു വരാൻ പ്രയത്നിച്ചു. കൂടിന്റെ വാതിൽക്കൽ വച്ച് ആ വെള്ള പിടക്കോഴി പാത്തുവിൻ്റെ കൈയ്യിൽ ആഞ്ഞു കൊത്തി. പാത്തു സധൈര്യം കോഴിയെ മുറുകെ പിടിച്ചു. കോഴിയുടെ രണ്ടു കാലുകളും ചേർത്തുവെച്ച് ഒരു കാലുകൊണ്ട് ചവിട്ടി. രണ്ടു ചിറകുകൾ മറ്റൊരു കാലുകൊണ്ടും ചവിട്ടി. .കോ, കോ എന്ന് കോഴി ഒച്ചവച്ചു. നീ ആതുണിയിങ്ങെടുക്ക് കുഞ്ഞുവിനോടായി പാത്തുപറഞ്ഞു. ചോരകിനിയുന്ന കയ്യിലെ മുറിവ് കെട്ടാനാണ് ആ തുണിയെന്നാണ് കുഞ്ഞു കരുതിയത്. കുഞ്ഞു പാത്തുവിന് അവിടെക്കിടന്നിരുന്ന ഒരു പഴകിയ തുണിനൽകി. പെട്ടെന്നാണത് സംഭവിച്ചത്. പാത്തു ആ തുണികൊണ്ട് കോഴിയുടെ തലയിൽ ചേർത്തു പിടിച്ചു.കോഴിയുടെ കഴുത്ത് തിരിച്ചു. അവൾ കിതപ്പോടെ കുഞ്ഞുവിനോടുപറഞ്ഞു. ഇങ്ങിനെയാണ് കോഴിയെ കൊല്ലുക മനസ്സിലായോ? മനസ്സിലായി ഇതാണല്ലേ കോഴിയുടെ ജീവശാസ്ത്രം. തുണികൊണ്ട് മുഖം മൂടിയിട്ട് കോഴിയെ കൊല്ലുന്നരീതി. ഇതിനെയാണോ ആടുതോമ സ്റ്റൈൽ എന്നുപറയുന്നത്? കുഞ്ഞു ചിരിച്ചുകൊണ്ട് പാത്തുവിനോടു ചോദിച്ചു ചിറകടി നിലച്ച കോഴിയുമായി ഉമ്മച്ചീടെ അടുത്തേക്ക് നീങ്ങുമ്പോഴും കൈത്തണ്ടയിൽ നിന്നും കിനിയുന്ന ചോരത്തുള്ളികൾ അവൾ ശ്രദ്ധിച്ചില്ല. ഒരു പ്രതിയോഗിയോടുള്ള വിജയത്തേക്കാളുപരി പന്ത്രണ്ടുമണിക്കുള്ള ബിരിയാണിയുടെ രുചിയോർത്ത് അവൾ മുന്നോട്ട് നീങ്ങുമ്പോൾ… താൻ കാണുന്നത് സ്വപ്നമാണോ, യാഥാർത്ഥ്യമാണോയെന്ന് കുഞ്ഞു ചിന്തിക്കുകയായിരുന്നു.🤔