പാലക്കാട്:തസ്തിക നിർണയം നടത്തി അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക,മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ സർക്കാർ മുഖേന വിതരണം ചെയ്യുക, ഓൺലൈൻ ക്ലാസ്സുകളുടെ പശ്ചാത്തലത്തിൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക,സർക്കാർ പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരെ അടിയന്തിരമായി നിയമിക്കുക,ഹയർസെക്കൻ്ററി അധ്യാപക പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുക,എല്ലാ അധ്യാപക നിയമനങ്ങൾക്കും മുൻകാല പ്രാബല്യം അനുവദിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 26 ന് രാവിലെ 11 ന് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സംയുക്ത അധ്യാപക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തും.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിൽ അംഗ സംഘടനകളുടെ ജില്ലാ,സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ജില്ലാ നേതൃയോഗത്തിൽ ചെയർമാൻ ഷാജി.എസ് തെക്കേതിൽ അധ്യക്ഷനായി.സംസ്ഥാന കൺവീനർ കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു.എൻ.ജയപ്രകാശ്,ബി.സുനിൽകുമാർ, ഹമീദ് കൊമ്പത്ത്,മാത്യു കല്ലടിക്കോട്,ഹംസ അൻസാരി,സി.സൈതലവി,എം.വിജയരാഘവൻ, ടി.നാസർ,എം.ടി.എ.നാസർ,വി.മോഹൻദാസ്, രൺധീർ മോഹൻദാസ്, കെ.കെ.നജ്മുദ്ദീൻ പ്രസംഗിച്ചു.ജില്ലാ കൺവീനർ സിദ്ദീഖ് പാറോക്കോട് സ്വാഗതവും ട്രഷറർ പി.ഭാസ്കരൻ നന്ദിയും പറഞ്ഞു.