ഒ.വി.വിജയന്‍ ജന്മദിനാഘോഷം ‘വഴിയുടെ ദാര്‍ശനികത’ നിയമസഭാ സ്പീക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഒ.വി.വിജയന്‍ ജന്മദിനാഘോഷം ‘വഴിയുടെ ദാര്‍ശനികത’ തസ്രാക്ക് ഒ.വി. വിജയന്‍ സ്മാരകത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്മാരക സമിതി ചെയര്‍മാന്‍ ടി കെ നാരായണദാസ് അധ്യക്ഷനായി.
മൗനം കൊണ്ട് മുനകൂര്‍പ്പിച്ച വാക്കുകളും വരകളുമാണ് ഒ.വി.വിജയന്റെ രചനകളില്‍ പ്രകടമായിരുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ചരിത്രത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ഊര്‍ജവും വെളിച്ചവും ഉള്‍ക്കൊള്ളുന്ന ഒരു നാടാണ് എഴുത്തുകാരനെ ആഘോഷിക്കുന്നത്. എഴുത്തുകാരെ നാടെങ്ങനെ വിലമതിക്കുന്നയെന്നത് സാംസ്‌കാരിക മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ അറിയാനാകും.
എഴുത്തുകാരന്‍, കാര്‍ട്ടൂണിസ്റ്റ്, ദാര്‍ശനികന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം മലയാളികളെ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ ദര്‍ശനം എഴുത്തിലും വരകളിലും ഒരുപോലെ അന്തര്‍ലീനമാണ്. മൗനമായിരുന്നു അദ്ദേഹത്തിന്റെ ആയുധം.
ജന്മത്തിന്റെ അര്‍ത്ഥം തിരയുന്നതാണ് ഒ. വി വിജയന്റെ രചനകളിലെ ദാര്‍ശനികതയെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. മുതലാളിത്തം സൃഷ്ടിച്ച അന്യവല്‍ക്കരണം ഒ.വി വിജയന്‍ രചനകളില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. തീഷ്ണമായ രാഷ്ട്രീയത്തില്‍ ഊന്നിയ കാര്‍ട്ടൂണുകളും സ്വതന്ത്ര ചിന്താഗതികളും ഈ കാലഘട്ടത്തില്‍ ഒ. വി വിജയനെ കൂടുതല്‍ സ്വീകാര്യനാക്കുകയാണ്.അദ്ദേഹം മുന്നോട്ടുവെച്ച മാനവികതയുടെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയം ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാലഘട്ടമാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ് ഓര്‍മിപ്പിച്ചു.
ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജന്മദിനാഘോഷത്തില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് സ്മൃതി പ്രഭാഷണം നടത്തി. തുടര്‍ന്ന് ‘കാവ്യാഞ്ജലി’, ‘മണികഥാക്കൂട്ടം’ സെഷനുകളിലായി കവിതാലാപനവും കഥകളുടെ അവതരണവും നടന്നു. ഡോ. സി പി ചിത്രഭാനു, കെ ഇ എന്‍ കുഞ്ഞഹമ്മദ്, മുണ്ടൂര്‍ സേതുമാധവന്‍, കെ വി രാമകൃഷ്ണന്‍, പി എ വാസുദേവന്‍, എം പദ്മിനി, എം കെ ശാന്ത, എ കെ ചന്ദ്രന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്