കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം
പാലക്കാട്.വിദേശ രാജ്യങ്ങളിൽ മെഡിക്കൽ പഠനം നടത്തുന്ന മലയാളി വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിലായ സാഹചര്യം ഒഴിവാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. കോവിഡ് പശ്ചാത്തലത്തിൽ പൂട്ടിയിട്ട കേരളത്തിലെ മെഡിക്കൽ കോളജുകൾ വിദ്യാർഥികൾക്കായി നാളെ മുതൽ തുറക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിൽ മെഡിക്കൽ പഠനം നടത്തുന്ന മലയാളി വിദ്യാർഥികളുടെ പഠനത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്. ഇന്ത്യയിൽ കോവിഡ് പടരുന്നതിന് മുമ്പായി എത്തിയ നിരവധി വിദ്യാർഥികളാണ് എന്ന് പഠനം ആരംഭിക്കുമെന്ന് അറിയാതെ പ്രതിസന്ധിയിലായത്. ഇതുമൂലം കടുത്ത മാനസിക സമർദ്ദമാണ് കുട്ടികളും ഇവരുടെ രക്ഷിതാക്കളും അനുഭവിക്കുന്നത്. ഇവരുടെ വിലപ്പെട്ട വർഷം നഷ്ടപ്പെടുന്നതും സാമ്പത്തിക ബാധ്യതയുമൊക്കെ മാനസിക സമ്മർദ്ദത്തിന് ആക്കം കൂട്ടുകയാണ്.
ചൈന, യുക്രെയിൻ, ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലായി ഇന്ത്യയിൽ നിന്നും പതിനായിരക്കണക്കിന് കുട്ടികളാണ് പഠിക്കുന്നതെന്ന് മാധ്യമ റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ അധികവും കേരളത്തിൽ നിന്നുള്ള ഗൾഫ് മലയാളികളുടെ മക്കളാണ്. ചൈനയിലെ ഡാലി യൂനിവേഴ്സിറ്റിയിൽ ഇന്ത്യയിൽനിന്നുള്ള 28,000 കുട്ടികളാണ് മെഡിക്കൽ പഠനം നടത്തുന്നത്. 2020 ഫെബ്രുവരിയിലാണ് ഈ കുട്ടികൾ ഇന്ത്യയിലേക്ക് മടങ്ങിവന്നത്. ജോർജിയയിലെ മാൾഡോവ യൂനിവേഴ്സിറ്റിയിൽ മാത്രം 2,000ത്തോളം മലയാളികളുണ്ട്. ഇത്രത്തോളം തന്നെ ഫിലിപ്പീൻസിലും യുക്രെയിനിലുമൊക്കെ പഠിക്കുന്നുണ്ട്. ഇവരുടെ മടങ്ങിപ്പോക്കിന് നടപടി ഉണ്ടായില്ലെന്ന് ഗൗരവതരമാണ്.
വിദേശങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടവർ വിവരങ്ങൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്ര വിദേശകാര്യമന്ത്രിയുടെ പ്രസ്താവന വന്നിട്ട് മാസങ്ങൾ കഴിഞ്ഞു. രണ്ടും മൂന്നും പ്രാവശ്യമൊക്കെ രജിസ്റ്റർ ചെയ്തവർ ഇനിയും കാത്തിരിപ്പിലാണ്. ചൈനയിൽ ഇതിനകം 100 കോടിയിലധികം ആളുകൾ വാക്സിൻ സ്വീകരിച്ചു എന്നാണ് ഭരണകൂടം അറിയിച്ചത്. ഈ സാഹചര്യത്തിൽ ഉഭയകക്ഷി ചർച്ച നടത്താൻ ഇന്ത്യൻ സർക്കാർ തയാറായാൽ മടങ്ങിപ്പോക്ക് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ. അത്തരത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടൽ ശക്തമാക്കണം.