കവിത
മഴവില്ലഴകുള്ള
സൗഹൃദം
വീക്ഷണകോണിൽ
വ്യതിയാനമുണ്ടെങ്കിലും
അറിയാതൊന്നു ചേരുന്ന
മനസ്സുകളുണ്ട്…
ശരീരങ്ങൾ രണ്ടെങ്കിലും
പരസ്പരമറിയാതെ
ഒരാത്മാവിൻ്റെ തന്നെ
ഭാഗമായവർ !
നാമിടങ്ങളിലേക്ക്
കടന്നു വരുന്ന മൂന്നാമനെ
ഉള്ളിലൽപ്പം പരിഭവം
വെച്ചാലും സ്വീകരിക്കുന്നവർ
ഏതു പിണക്കങ്ങളിലും
പറയാതെയറിയുന്ന
മൗനങ്ങൾ നമ്മൾക്കിടയിൽ
സംവദിക്കുന്നുണ്ട്..
ഇവിടങ്ങളിൽ
നഷ്ട്ടപെടുത്തലുകളില്ല
പലപ്പോഴും വിട്ടുകൊടുക്കലിൻ്റെ
വെളുത്ത ധന്യതയാണ്!
ഇരുളിലെ മിന്നാമിന്നിയും
വെയിലത്തെ തണലും
മഴയത്തെ കുടയുമാണ്
നിലാവിൽ നമ്മളൊന്നാണ്
അകലങ്ങളിലുമൊരു
വിളിക്കടുത്തുണ്ടന്ന ധൈര്യവും,
ഇഴയടുപ്പമാർന്ന
കഴിഞ്ഞ ജന്മ
ബാക്കിപത്രവുമാകാം
യാദൃശ്ചികമായ
കണ്ടുമുട്ടലുകളായിരുന്നങ്കിലും
തിരിച്ചെടുക്കാനാവാത്തവിധം
ലയിച്ചു പോയൊരു സൗഹൃദമായതും …
അതെ,
നമ്മൾ കൊരുക്കുന്നത്
ഒരിക്കലുമഴിയാത്ത
മഴവില്ലഴകുള്ള
സൗഹൃദത്തിൻ്റെ
അമൂല്യമുത്തുകളാണ് !
സിന്ദുകൃഷ്ണ