സാധാരണക്കാരുടെ കാര്യത്തിൽ എത്തും പിടിയില്ലാതെ നീങ്ങുന്ന അവസരത്തിൽ ആവർത്തന വിരസതയായി മാറുന്ന ദുരിതം കേന്ദ്ര സർക്കാർ തെറ്റായ കീഴ് വഴക്കം കൊണ്ട് വരിഞ്ഞുമുറുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലമാണ്. ഇതിനൊരു അറുതി വരാനാഗ്രഹിക്കുന്നവർ പോലും ജനദ്രോഹ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ ഭയപ്പെടുകയാണ്. കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരേ എതിരഭിപ്രായം പറയുന്നവരെ രാജ്യദ്രോഹക്കുറ്റം, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ വലിയ കേസുകളിൽ പെടുത്തി തടവിലാക്കിയോ, അങ്ങനെ ചെയ്യുമെന്ന് ഭീഷണി മുഴക്കിയോ സർക്കാർ സംവിധാനങ്ങളും സർക്കാർ അനുകൂലികളായ സംഘപരിവാര കേന്ദ്രങ്ങളും രംഗത്ത് വരുന്നു. നേരത്തെ വർഗീയ കലാപങ്ങൾ അഴിച്ചു വിട്ടാണ് ഇത്തരം കേന്ദ്രങ്ങൾ ജനങ്ങളുടെ സമാധാനം കെടുത്തിയിരുന്നതെങ്കിൽ ഇന്ന് കോർപറേറ്റ് പ്രീണനം വഴി സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ താറുമാറാക്കുന്നു. തുറന്നു വിട്ട കുപ്പിയിലെ ഭൂതത്തെ പോലെ മത വർഗ്ഗീയത ഇന്നും രാജ്യത്തിൻ്റെ സൽപ്പേരിന് കളങ്കം ചാർത്തി കൊണ്ടിരിക്കുകയാണ്. രാജ്യസ്നേഹത്തിൻ്റെ കുത്തക അവകാശപ്പെടുന്ന സംഘിത്താവളങ്ങൾ കള്ളപ്പണത്തിൻ്റെ പേരിൽ ഇപ്പോൾ വെള്ളം കുടിക്കുകയുമാണ്.
ജനക്ഷേമ പ്രവർത്തനങ്ങളിൽ ഒട്ടും ആത്മാർത്ഥതയില്ലാത്ത മോദി സർക്കാർ, പ്രതികൂലാവസ്ഥയിൽ പോലും വീണ വായിക്കുന്ന നീറോ ക്ലോഡിയസ് സീസർ ആഗ്സ്റ്റസ് ജെർമനിക്കസ് എന്ന നീറോ ചക്രവർത്തിയുടെ നവ അവതാരമാണെന്ന് തോന്നി പോവുകയാണ്. അതെ മോദി നഗ്നനാണ്. ഇത് പറയുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞു വരുന്നുണ്ടെങ്കിലും വിരൽ ചൂണ്ടുന്നവരുടെ എണ്ണം കുറ്റിയറ്റ് പോയിട്ടില്ല എന്ന സമാധാനം ജനാധിപത്യ വിശ്വാസികൾക്ക് ആശ്വസിക്കാം.
കോവിഡിന് മുൻപും ശേഷവും സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന തീരുമാനങ്ങൾ ഒട്ടേറെയുണ്ട്. അവ ചരിത്രത്തിൽ ഇപ്പോൾ ലഭ്യമാണ്. നാളെ ചരിത്രം തിരുത്താൻ മാത്രം ശക്തിയും സ്വാധീനവും സംഘപരിവാർ നേടിയിരിക്കുന്നു. അതിനാൽ സത്യത്തെ ഇന്നു തന്നെ അറിയുക. വരും തലമുറക്ക് അവ കൈമാറുക. അതാവണം യഥാർത്ഥ ജനാധിപത്യവാദിയുടെ ധർമ്മം.
യഥാർത്ഥ വിഷയത്തിൽ നിന്നും ഒളിച്ചോടുന്ന കേന്ദ്ര സർക്കാർ സാധാരണക്കാരുടെ നടുവൊടിക്കുന്ന തീരുമാനങ്ങൾ നടത്താനുള്ള ആലോചനയിലാണ്. നോട്ട് നിരോധനം മുതൽ അടിക്കടിയുള്ള ഇന്ധന വിലക്കയറ്റം വരെയുള്ള ചെറുതും വലുതുമായ ദ്രോഹപരമായ തീരുമാനങ്ങൾ വഴി ഇന്ത്യ എന്ന ജനാധിപത്യം എത്തി നിൽക്കുന്നത് രൂക്ഷമായ പണപ്പെരുപ്പത്തിലാണ്. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട, പലായനം ചെയ്ത, കിടപ്പാടം പണയത്തിലായ അനേക ലക്ഷം പേരുടെ കണ്ണുനീരിന് യാതൊരു വിലയും ബി ജെ പിയുടെ ഏകാധിപത്യ ഭരണം കൽപ്പിക്കുന്നില്ല.
ജനാധിപത്യത്തിൻ്റെ ശ്വാസം നിലനിന്നാലേ വരും തലമുറക്ക് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ പറ്റുകയുള്ളൂ. കോവിഡ് മരണ നിരക്കും അതോടു കാണിച്ച മോദി – യോഗി സമീപനവും ഇന്ത്യയെ ലോക രാജ്യത്തിനു മുന്നിൽ നാണം കെടുത്തിയിരിക്കുകയാണ്.
ഉത്തരേന്ത്യൻ ജനതയേക്കാൾ ഭാഗ്യം കേരള ജനതക്കുണ്ടായതിനാൽ രക്ഷപ്പെട്ടു. എന്നാലും കൊറോണ മഹാമാരി വിടാതെ പിന്തുടരുന്നു. ജാഗ്രതയോടെ അതിജീവിക്കാം എന്നൊക്കെ സർക്കാർ സംവിധാനങ്ങൾ ഉറപ്പു നൽകുന്നുണ്ടെങ്കിലും ഉപജീവനം നഷ്ടപ്പെട്ടവരുടെ വേദന അന്തരീക്ഷത്തിൽ അലയടിക്കുന്നു. കാരണം മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയിരിക്കുകയാണ്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് പണപ്പെരുപ്പം ( മൊത്ത വില ) കുതിക്കുന്നത്. നിർമ്മാണ വസ്തുക്കൾ, അസംസ്കൃത എണ്ണ, മിനറൽ ഓയിൽസ് എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് പിന്നിൽ. കേരളത്തിലെ 3.4 കോടി ജനങ്ങളിൽ 1.27 കോടി പേരാണ് കൂലിപ്പണി ചെയ്യുന്നത്. അതിൽ 73 ലക്ഷം പേരെങ്കിലും ലോക്ക്ഡൗൺ കാരണം പൂർണ്ണമായോ ഭാഗികമായോ തൊഴിൽ നഷ്ടപ്പെട്ടവരാണ്. ഒരു മാസത്തിനകം കേരളത്തിൽ 10,500 കോടി രൂപയുടെ ദിവസ വേതന നഷ്ടം സംഭവിച്ചിട്ടുണ്ടത്രെ. മറ്റു മേഖലകളിലെ നഷ്ടം വേറെയും. ഇതിനിടയിലാണ് സാധാരണക്കാർ ഇന്ധന വിലക്കയറ്റവും കോവിഡ് വാക്സിനും വൈദ്യുതി ബില്ലും ഇൻ്റർനെറ്റ് വാടകയും നൽകി അതിജീവിക്കേണ്ടത്. കോവിഡ് വകഭേദങ്ങൾ പലപ്പോഴായി നമ്മെ അലോസരപ്പെടുത്തുമ്പോൾ സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന തീരുമാനങ്ങളിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിന്മാറണം. അതിനായി രാജാവ് നഗ്നനാണെങ്കിൽ അത് വിളിച്ചു പറയാനുള്ള ആർജ്ജവം നാമോരുത്തരും നേടിയെടുക്കണം. ശുഭ ചിന്തകളോടെ ജയ് ഹിന്ദ്.