മെഡിക്കൽ കോളേജിൽ ഐ പി
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടത്തിച്ചികിത്സയ്‌ക്ക് സജ്ജമാക്കുന്നതിനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. വെന്റിലേറ്റർ അടക്കമുള്ള ഏതാനും ഉപകരണങ്ങൾകൂടി ലഭ്യമായാൽ ഐപി വാർഡ് തുറക്കാനാവും. 100 കിടക്കയുള്ള വാർഡാണ് ആരംഭിക്കുക. നിലവിൽ ജില്ലാ ആശുപത്രിയിൽനിന്ന് മാറ്റിയതുൾപ്പെടെ ഇവിടെ ഒമ്പത് വിഭാഗങ്ങളിൽ ഒപി പ്രവർത്തിക്കുന്നു. കൂടുതൽ മുറികൾ തയ്യാറാകുന്നതോടെ കൂടുതൽ ഒപി തുടങ്ങും.
ആകെ 559 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് മെഡിക്കൽ കോളേജ് നിർമാണത്തിന് തയ്യാറാക്കിയത്. ഇതിൽ 239 കോടി രൂപയുടെ നിർമാണം പൂർത്തിയായി.
12 പ്രധാന സ്‌പെഷ്യാലിറ്റി ഒപികൾ, 12 അത്യാധുനിക മോഡുലാർ ഓപ്പറേഷൻ തിയറ്റർ, രാജ്യാന്തര നിലവാരത്തിലുള്ള ലെവൽ ഒന്ന് ട്രോമാ കെയർ, ന്യൂതന പീഡിയാട്രിക് വിഭാഗം, എമർജൻസി മെഡിസിൻ, മെഡിക്കൽ ഗ്യാസ് പൈപ്പ്‌ലൈൻ, ന്യുമാറ്റിക് ട്രാൻസ്ഫർ സിസ്റ്റം എന്നിങ്ങനെ ആധുനിക സൗകര്യങ്ങളോടുകൂടിയ മെഡിക്കൽ കോളേജ് ആശുപത്രിയാണ് ജില്ലയിൽ യാഥാർഥ്യമാവുക.










