പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ് ഉപയോഗിച്ച് ടിവി
പാലക്കാട്.കൊല്ലങ്കോട്പ്രണയിനിയെ യുവാവ് സ്വന്തം വീട്ടിലെ ചെറിയ മുറിയില്‍ വീട്ടുകാര്‍പോലുമറിയാതെ 10 വര്‍ഷം സംരക്ഷിച്ചത് സ്വന്തം സാങ്കേതിക വിദ്യയില്‍ സുരക്ഷാ വാതില്‍ ഒരുക്കിയശേഷം. ഇലക്ട്രീഷ്യന് കൂടിയായ അയിലൂര്‍ സ്വദേശിയായ യുവാവ് മുറിയുടെ വാതില്‍ പൂട്ടാനും തുറക്കാനും ചെറിയ മോട്ടോര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഓടാമ്പലും സ്ഥാപിച്ചു. രണ്ടു ചെറുവയറുകള്‍ ചേര്‍ത്താല്‍ ഓടാമ്പല്‍ അടയ്ക്കാനും തുറക്കാനും കഴിയും.
മറ്റുള്ളവര്‍ മുറി തുറക്കാന്‍ ശ്രമിച്ചാല്‍ ഷോക്കേല്‍ക്കുമെന്ന് യുവാവ് വീട്ടുകാര്‍ക്ക് മുന്നറിയിപ്പും നല്കി. അതോടെ, വീട്ടുകാര്‍ ആ വഴി വന്നില്ല. യുവതിയുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ക്കുമെന്ന പേടിയാണ് അസാധാരണ നടപടിയിലേക്ക് യുവാവിനെ എത്തിച്ചത്. യുവാവിന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് യുവതി. സഹോദരിയെ കാണാന്‍ വീട്ടിലെത്തിയാണ് യുവാവുമായി പ്രണയത്തിലായത്.
18–ാം വയസ്സില്‍ യുവതി വീടുവിട്ടിറങ്ങി യുവാവിനൊപ്പം കൂടി. യുവാവിന്റെ അച്ഛനും, അമ്മയും, സഹോദരിയും ഉള്‍പ്പെടെ കഴിയുന്ന വീട്ടില്‍ അടുക്കളയുള്‍പ്പെടെ മൂന്നു മുറിയും ഇടനാഴിയുമാണുള്ളത്. ശുചിമുറിയില്‍ പോകല്‍, വസ്ത്രം അലക്കല്‍, കുളിക്കല്‍ എന്നിവയെല്ലാം മറ്റാരും കാണാതെ അര്‍ധരാത്രിയില്‍. ജനാലയിലെ കിളിവാതിലിലൂടെ പുറത്തുകടന്നാണ് നിര്‍വഹിച്ചത്. പ്രണയിനിക്കായി മുറിയില്‍ ടിവിയും ഒരുക്കി.
വീട്ടുകാര്‍ അറിയാതിരിക്കാന്‍ ഹെഡ് ഫോണ്‍ ഉപയോഗിച്ചു.










