∙ കോവിഡ് ബാധയെത്തുടർന്ന് അട്ടപ്പാടിയിൽ നിന്നു ജില്ലാ വനിതാ ശിശു ആശുപത്രിയിലെത്തിച്ച, ഗർഭിണിയായ ആദിവാസി യുവതിക്കു മതിയായ ചികിത്സയും പരിചരണവും ലഭിച്ചില്ലെന്നു പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നിയമസഭയിൽ സംഭവം ഉന്നയിച്ചതോടെ സർക്കാർ വിശദീകരണം തേടി. പുതൂർ പഞ്ചായത്തിലെ പാലൂര് ഊരിൽ നിന്നെത്തിയ 28 വയസ്സുള്ള യുവതി മതിയായ ചികിത്സ ലഭിക്കാതെ വാർഡിൽ പ്രസവിച്ചെന്നാണു പരാതി.
കോട്ടത്തറ ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ ചികിത്സ തേടി എത്തിയ യുവതി കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയതോടെയാണു കൂടുതൽ ചികിത്സാ സൗകര്യമുള്ള ജില്ലാ വനിതാ ആശുപത്രിയിലേക്കു മാറ്റിയത്. കോട്ടത്തറയിൽ നടത്തിയ പരിശോധനയിൽത്തന്നെ ഗർഭസ്ഥ ശിശുവിന് അനക്കമില്ലെന്നു കണ്ടെത്തിയിരുന്നു. കുഞ്ഞിനെ പുറത്തെടുക്കാൻ കൂടിയാണു ജില്ലാ വനിതാ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ കേസെടുത്തെന്നും കുഞ്ഞിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി വിദഗ്ധ ഡോക്ടർ ഉൾപ്പെട്ട സംഘം പോസ്റ്റുമോർട്ടം നടത്തുമെന്നും പാലക്കാട് ഡിവൈഎസ്പിയുടെ ചുമതലയുള്ള സി. ജോൺ അറിയിച്ചു










