പാലക്കാട്.ഒറ്റപ്പാലം‘ഓപ്പറേഷൻ അനന്ത’ ഒറ്റപ്പാലത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസിൽ കോടതിയലക്ഷ്യനടപടി നേരിട്ട ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യന് സ്ഥലംമാറ്റം. വയനാട് മാനന്തവാടി സബ് കളക്ടറായാണ് സ്ഥലംമാറ്റ ഉത്തരവായിട്ടുള്ളത്. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി അർജുൻ പാണ്ഡ്യനെ സ്ഥലം മാറ്റാൻ മാർച്ച് 12-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കൈയേറ്റഭൂമിയിലാണെന്ന് കണ്ടെത്തിയ വ്യാപാരസ്ഥാപനത്തിന്റെ മുൻവശം ഒറ്റപ്പാലം നഗരത്തിലെ ഓപ്പറേഷൻ അനന്ത പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നവംബറിൽ സബ്കളക്ടറുടെ നേതൃത്വത്തിൽ പൊളിച്ചിരുന്നു. ഇത് ഓപ്പറേഷൻ അനന്ത സ്റ്റേ ചെയ്യാൻ 2016ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ആരോപിച്ച് സ്ഥലമുടമ കോടതിയെ സമീപിച്ചു.
തുടർന്ന് പൊളിച്ചെടുത്ത സ്ഥലം സാങ്കേതികമായി തിരിച്ചുനൽകാൻ കോടതി ഉത്തരവിടുകയും തിരിച്ചേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേയാണ് സബ് കളക്ടറെയും ഭൂരേഖ തഹസിൽദാറെയും സ്ഥലം മാറ്റാൻ ഉത്തരവിട്ടത്.
കോടതിനടപടി നേരിട്ടെങ്കിലും സ്ഥലത്തെ കെട്ടിടങ്ങളൊഴിപ്പിക്കാൻ സബ് കളക്ടർക്ക് കഴിഞ്ഞിരുന്നു. കെട്ടിടമൊഴിപ്പിച്ച് കാലങ്ങളായി ഗതാഗതക്കുരുക്കുണ്ടാക്കിയിരുന്ന ആർ.എസ്. റോഡ് ജങ്ഷനിലെ റോഡ് വീതികൂട്ടുന്ന പ്രവൃത്തിയും ഇപ്പോൾ പുരോഗതിയിലാണ്.
ചെയ്ത കാര്യങ്ങളിൽ സംതൃപ്തിയുണ്ടെന്നും ഉടൻ മാനന്തവാടിയിൽ ജോലിയിൽ പ്രവേശിക്കുമെന്നും അർജുൻ പാണ്ഡ്യൻ പറഞ്ഞു