സിദ്ദിഖ് കാപ്പനെതിരായ മനുഷ്യത്വരഹിത പെരുമാറ്റം അവസാനിപ്പിച്ച് ഉടന്‍ മോചിപ്പിക്കണം: എസ്ഡിപിഐ
പാലക്കാട്.മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരേ യുപി സര്‍ക്കാര്‍ തുടരുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ പെരുമാറ്റം അവസാനിപ്പിച്ച് ഉടന്‍ മോചിപ്പിക്കണമെന്ന് എസ്ഡിപിഐ. യുപിയിലെ ഹാഥറാസില്‍ സവര്‍ണ യുവാക്കളാല്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബം സന്ദര്‍ശിക്കുന്നതിനുള്ള യാത്രാമധ്യേ ആറുമാസം മുമ്പാണ് കാപ്പനെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തത്. മഥുര ജയിലില്‍ തടവിലിരിക്കേ കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കെ എം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമികാവശ്യങ്ങള്‍ക്ക് ടോയ്ലെറ്റില്‍ പോലും പോകാന്‍ കഴിയാത്തവിധം കട്ടിലില്‍ ചങ്ങലയിട്ട് ബന്ധിപ്പിച്ചിരിക്കുന്നതായാണ് കാപ്പന്‍ ഭാര്യയോട് വെളിപ്പെടുത്തിയിരിക്കുന്നത്. താഴെ വീണതിനെത്തുടര്‍ന്നുണ്ടായ മുറിവിനു പോലും ആവശ്യമായ ചികില്‍സ നല്‍കുന്നില്ല. കാപ്പന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ല. എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ച് ക്രൂരവും മനുഷ്യത്വരഹിതവും അപരിഷ്‌കൃതവുമായാണ് ആശുപത്രി അധികൃതര്‍ കാപ്പനോട് പെരുമാറുന്നത്. ആശുപത്രിയില്‍ കാപ്പന് ജീവന്‍ പോലും അപകടത്തിലാണ്. കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിന് മതിയായ ചികില്‍സ ഉറപ്പാക്കാന്‍ അദ്ദേഹത്തെ എയിംസിലേക്കോ ഡെല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്കോ മാറ്റണമെന്ന് എസ്ഡിപിഐ ആവശ്യപ്പെടുന്നു.