വാളയാർചരക്കുലോറി ജീവനക്കാരെ തടഞ്ഞ് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥ സംഘത്തെ വിജിലൻസ് പിടികൂടി. ഇവരിൽനിന്ന് കൈക്കൂലിയായി വാങ്ങിയ 4,450 രൂപ പിടിച്ചെടുത്തു. സംഭവത്തിൽ വാളയാർ സ്റ്റേഷനിലെ എഎസ്ഐ ടി ചാക്കോ, സീനിയർ സിപിഒമാരായ ശശീന്ദ്രകുമാർ, ദേവദാസ് എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതായി വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി എസ് ശശിധരൻ, ഡിവൈഎസ്പി എസ് ഷാനവാസ് എന്നിവർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കന്നുകാലിയുമായെത്തുന്ന വാഹനങ്ങളെ തടഞ്ഞ് വാളയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലിന്റെ പരിശോധന.