സിനിമാപ്രമേയങ്ങൾ ആർ എസ്സ് എസ്സ് തീരുമാനിക്കുന്ന അവസ്ഥ അപകടകരം
– യുക്തിവാദിസംഘം
പാലക്കാട്:
കോങ്ങാട് കടമ്പഴിപ്പുറത്ത് വച്ച് മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി’ എന്ന സിനിമയുടെ പ്രമേയം ഹിന്ദു – മുസ്ലീം പ്രണയമാണെന്ന കാരണത്താൽ ചിത്രീകരണം ആർ എസ്സ് എസ്സ് കാർ തടസ്സപ്പെടുത്തിയതിൽ യുക്തിവാദിസംഘം ജില്ലാകമ്മിറ്റി യോഗം പ്രതിഷേധിച്ചു.
ചലച്ചിത്രപ്രമേയങ്ങൾ ആർ എസ്സ് എസ്സ് തീരുമാനിക്കുമെന്ന അവസ്ഥ പുരോഗമന കേരളത്തിന് അത്യന്തം അപകടകരമാണന്നും ഇതിൽ പ്രതിഷേധിക്കുവാൻ സാംസ്കാരിക കേരളം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. കവി മുരുകൻ കാട്ടാക്കടക്ക് നേരെയുണ്ടായ വധ ഭീഷണിയിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലാപ്രസിഡന്റ് ഡോ. എൻ എം അരുണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം. ദയാനന്ദൻ, ജില്ലാ സെക്രട്ടറി എം. സുനിൽകുമാർ, ഡോ. സി വിശ്വനാഥൻ, ടി കെ ഷീല, ഡോ. ബീന കായലൂർ തുടങ്ങിയവർ സംസാരിച്ചു.