പാലക്കാട്കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ തുച്ഛവിലയ്ക്ക് വിറ്റുതുലയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ ബുധനാഴ്ച പ്രതിരോധക്കോട്ട തീർക്കും. ‘സേവ് ബെമൽ, സേവ് ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തിയാണ് ബെമൽ കമ്പനിക്കുമുന്നിലും കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷനുമുന്നിലും വിവിധ വിഭാഗം തൊഴിലാളികൾ അണിനിരന്ന് പ്രതിരോധക്കോട്ട തീർക്കുന്നത്. രാജ്യത്തിന്റെ പൊതുസ്വത്ത് വിൽക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രതിഞ്ജയെടുത്തശേഷം രണ്ടിടത്തും പൊതുയോഗം ചേരും. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് റിഹേഴ്സൽ ആരംഭിക്കും. 4.30ന് പ്രതിജ്ഞ ചൊല്ലും. അഞ്ചിന് ബിഇഎംഎല്ലിനു മുന്നിലും ഇൻസ്ട്രുമെന്റേഷനു മുന്നിലും പൊതുയോഗം ചേരും.