മണ്ണാര്‍ക്കാട്- കോങ്ങാട് റോഡിന്റെ നവീകരണ പ്രവര്‍ത്തനത്തിന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. മണ്ണാര്‍ക്കാട്,കോങ്ങാട്,ഒറ്റപ്പാലം മണ്ഡല പരിധിയിലൂടെ കടന്നുപോകുന്ന റോഡിന്റെ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധം വ്യാപകമായിരുന്നു.
അന്തരിച്ച കെ.വി.വിജയദാസ് എം.എല്‍.എ അവസാനമായി സമര്‍പ്പിച്ച പ്രൊപ്പോസലും പദ്ധതിയില്‍ അംഗീകരിച്ചു.മുഴുവന്‍ സാങ്കേതിക തടസങ്ങളും പരിഹരിച്ചതോടെ ഉടന്‍ നിര്‍മ്മാണം തുടങ്ങാനാകും.മലപ്പുറം ആസ്ഥാനമായ മലബാര്‍ ടെക് എന്ന സ്ഥാപനമാണ് നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.കിഫ്ബിയുമായി കമ്പനി എഗ്രിമെന്റ് ഒപ്പുവെച്ചു.
53.89 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ നടന്നത്.ഏഴ് മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിക്കുക.16,500 മീറ്റര്‍ ഡ്രൈനേജും നിര്‍മ്മിക്കും. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ 65 കല്‍വെര്‍ട്ടുകളും ഒരു കനാല്‍പ്പാലവും പുതിയതായി നിര്‍മ്മിക്കും.റോഡ് മാര്‍ക്കിംഗ്,സൈന്‍ ബോര്‍ഡ് എന്നിവയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സ്ഥാപിക്കും. ഒരു വര്‍ഷവും ആറുമാസവും കൊണ്ട് പണി തീര്‍ക്കണമെന്നാണ് കരാറില്‍ പറയുന്നത്.റോഡ് നിര്‍മ്മാണത്തിന് വേണ്ടി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും മറ്റുമായി കെ.എസ്.ഇ.ബി.ക്ക് 3.31 കോടിയും കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് 2.848 കോടിയും അനുവദിച്ചിട്ടുണ്ട്.