ട്രാക്ടർ മാർച്ച് നാളെ ജില്ലയും ഒരുങ്ങി
പാലക്കാട്
‘ഡൽഹി ചലോ’ പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ഡൽഹിയിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിക്ക് ജില്ലയുടെ ഐക്യദാർഢ്യം. സംയുക്ത കർഷക സമിതി നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ജില്ല, ഏരിയ, വില്ലേജ് കേന്ദ്രങ്ങളിൽ കർഷക പരേഡ് നടത്തും. ജില്ലാ കേന്ദ്രത്തിൽ നടക്കുന്ന പരേഡ് ചൊവ്വാഴ്ച പകൽ മൂന്നിന് വിക്ടോറിയ കോളേജിന് സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിനുമുന്നിൽനിന്ന് ആരംഭിക്കും. നൂറുകണക്കിന് ട്രാക്ടറുകളിൽ കർഷകർ കാർഷികോപകരണങ്ങളും ഉൽപ്പന്നങ്ങളുമായി പരേഡ് നടത്തും. സുൽത്താൻ പേട്ട വഴി സ്റ്റേഡിയം മൈതാനത്തെത്തി പരേഡ് സമാപിക്കും. കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാലക്കാട്, പുതുശേരി, മുണ്ടൂർ, കുഴൽമന്ദം ഏരിയയിൽനിന്നുള്ള കർഷകരും ബഹുജനങ്ങളുമാണ് ജില്ലാ പരേഡിൽ അണിചേരുക. ഇതേ സമയം ഏരിയ, വില്ലേജ് കേന്ദ്രങ്ങളിലും കർഷക പരേഡ് നടക്കും. കോവിഡ്–19ന്റെ മറവിൽ രാജ്യത്തെ കാർഷിക മേഖലയാകെ കോർപറേറ്റുകൾക്ക് വിറ്റുതുലയ്ക്കുകയാണ് മോഡി സർക്കാർ. ഉൽപ്പാദകരെയും ഗുണഭോക്താക്കളെയും ഒരുപോലെ ചൂഷണം ചെയ്യാൻ കോർപറേറ്റുകൾക്ക് അവസരമൊരുക്കുന്ന കരിനിയമങ്ങൾ ഉപാധികളില്ലാതെ പിൻവലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരാനാണ് കർഷകരുടെ തീരുമാനം. കർഷക ശക്തി വിളിച്ചറിയിക്കുന്ന റിപ്പബ്ലിക് ദിനത്തിലെ കർഷക മാർച്ചിൽ ഒരു ലക്ഷം ട്രാക്ടറുകളും 10 ലക്ഷം കർഷകരും അണിനിരക്കും. കർഷകരുടെ ഈ ജീവന്മരണ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി എല്ലാ കർഷകരും ബഹുജനങ്ങളും പങ്കെടുക്കണമെന്ന് സംയുക്ത കർഷക സമിതി അഭ്യർഥിച്ചു.










