പാലക്കാട്നീണ്ട പത്തു മാസങ്ങൾക്കുശേഷം സിനിമാ തിയറ്ററുകൾ ബുധനാഴ്ച തുറക്കും. ജില്ലയിലെ 80ശതമാനം തിയറ്ററുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിൽ നൂറോളം തിയറ്ററുകളാണുള്ളത്. 80ൽ കൂടുതൽ തിയറ്ററുകൾ ബുധനാഴ്ച തുറക്കുമെന്നാണ് പ്രതീക്ഷ.വിജയ്യുടെ “മാസ്റ്റർ’ആണ് ആദ്യദിനം റിലീസ് ചെയ്യുക. കോവിഡിന്ശേഷമുള്ള ആദ്യദിനത്തിൽ മലയാള ചലച്ചിത്രങ്ങൾ തിയറ്ററിലെത്തില്ല. തിങ്കളാഴ്ച മുതൽ മാസ്റ്ററിന്റെ ഓൺലൈൻ ടിക്കറ്റ്വിൽപ്പന ആരംഭിച്ചു. പല തിയറ്ററുകളിലും ചൊവ്വാഴ്ച നേരിട്ടെത്തിയും ആളുകൾ ടിക്കറ്റുകൾ കൈപ്പറ്റി. ബുധനാഴ്ച തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ചതന്നെ ടിക്കറ്റുകൾ നൽകിയത്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാണ് സിനിമാപ്രദർശനത്തിന് അനുമതി. ആകെ സീറ്റിന്റെ 50 ശതമാനത്തിനുമാത്രമാണ് പ്രവേശനം. ഓൺലൈൻവഴി മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവു. ഇത് തിയറ്ററുകളിൽ നേരിട്ടെത്തി കൈപ്പറ്റാം. ബുക്ക് ചെയ്ത ടിക്കറ്റുകൾ തലേന്നുതന്നെ തിയറ്ററിലെത്തി മാറ്റിവാങ്ങാനും കഴിയും. ഓരോ ഷോയ്ക്ക്ശേഷവും തിയറ്ററിൽ അണുനശീകരണം നടത്തും. സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതിനാൽ തിയറ്ററിനുമുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല. ഇത് നിയന്ത്രിക്കാൻ പൊലീസ് പരിശോധനയുമുണ്ടാകും.