വാളയാറിലെ മൃഗസംരക്ഷണ ചെക്പോസ്റ്റിൽ കണക്കിൽപെടാത്ത പണം പിടികൂടി
പാലക്കാട് ∙ വാളയാറിലെ മൃഗസംരക്ഷണ ചെക്പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 6,000 രൂപ കണ്ടെത്തി. സർക്കാരിനുള്ള ഫീസായ 3,420 രൂപ കൂടാതെ കന്നുകാലികളെ പരിശോധിക്കാതെ കടത്തിവിട്ട വകയാണു 6,000 രൂപയെന്നു കണ്ടെത്തി. ഡിവൈഎസ്പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിൽ രാവിലെ 7 മുതലായിരുന്നു പരിശോധന.
നിശ്ചിത എണ്ണം കാലികൾക്കു കുത്തിവയ്പ് നടത്തിയെന്നതിനു രേഖയുണ്ടെങ്കിലും അതിന് ഉപയോഗിക്കേണ്ട മരുന്നും സിറിഞ്ചുകളും സൂചികളും സ്ഥലത്തു കണ്ടെത്തി. ഒരു ലൈവ്സ്റ്റോക് ഇൻസ്പെക്ടറും അറ്റൻഡറുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരെ നടപടിക്കു വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.