ഓടിക്കൊണ്ടിരുന്ന വാനിൽനിന്നു തീയും പുകയും, നടുറോഡിൽ വാൻ കത്തിനശിച്ചു
തച്ചനാട്ടുകര ചെത്തല്ലൂരിൽ വാനിനു തീപിടിച്ചപ്പോൾ കെടുത്താനുള്ള അഗ്നിസുരക്ഷാ സേനയുടെ ശ്രമം.
തച്ചനാട്ടുകര ∙ ചെത്തല്ലൂർ അ ത്തിപ്പറ്റ റോഡിൽ വാൻ കത്തിനശിച്ചു. വാനിൽനിന്നു തീയും പുകയും ഉയർന്നതോടെ യാത്രക്കാർ ഇറങ്ങിയോടിയതിനാൽ അപകടം ഒഴിവായി. ആനക്കുഴിയിൽ ഇന്നലെ രാവിലെ 10.45നാണു സംഭവം. ചെത്തല്ലൂരിൽനിന്നു തെക്കുമുറിയിലേക്കു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ സഞ്ചരിച്ചിരുന്ന വാനാണ് കത്തിയത്.
വാഹനം നിന്നതിനെ തുടർന്ന് വീണ്ടും സ്റ്റാർട്ടാക്കിയപ്പോൾ തീയും പുകയും ഉയരുകയായിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. തുടർന്ന് മണ്ണാർക്കാട് അഗ്നിസുരക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്തി. സ്റ്റേഷൻ ഒഫിസർ പി.ടി. ഉമ്മർ, ഫയർമാൻമാരായ രമേഷ്, പ്രമോദ്, സുജിൻ, ദിനേഷ്, ഹോംഗാർഡ് അനിൽകുമാർ, ഡ്രൈവർ നസീർ എന്നിവരാണു രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്.