പൈപ്പ് സ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാക്കണം;റോഡ് പൂർവസ്ഥിതിയിലാക്കണം – മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: നഗരസഭാ പരിധിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന പണി ഉടൻ പൂർത്തിയാക്കി റോഡുകൾ നികുതിദായകരുടെ സുരക്ഷിത ഉപയോഗത്തിലേക്കായി നവീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ജല അതോറിറ്റിക്കും നഗരസഭക്കുമാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. നിയമപരമായ നടപടിക്രമവും അതിന്റെ കാലതാമസവും മനുഷ്യജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്നത് ഗൗരവമായി കാണുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
നഗരസഭാ പരിധിയിൽ 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കണം. എന്നാൽ അതിനു വേണ്ടി ജീവനെടുക്കുന്ന കുഴികൾ എടുത്ത് മരാമത്ത് പണികൾ നീട്ടി കൊണ്ടുപോകുന്നത് ആശാസ്യകരമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
റോഡുകൾ വെട്ടിപൊളിച്ചതിനെതിരെ മാങ്കാവ് സ്വദേശി റെയ്മന്റ് ആന്റണി സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതുമരാമത്ത്,നഗരസഭാ, ജലവിതരണം തുടങ്ങിയ വകുപ്പുകളിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കുടി വെള്ള പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് റോഡ് പൊളിക്കേണ്ടി വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പണി പൂർത്തിയായാൽ റോഡ് പൂർവസ്ഥിതിയിലാക്കേണ്ടത് പാലക്കാട് നഗരസഭയാണെന്ന് കരാറിൽ പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.