മണ്ണാർക്കാട്∙ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തിലേറെ രൂപ തട്ടിയ കേസിൽ 3 പേർ പിടിയിൽ. കാഞ്ഞിരപ്പുഴ സ്വദേശികളായ തോട്ടത്തിൽ ദിനൂപ് (25), കാഞ്ഞിരപ്പുഴ രായംതുരുത്തി ഊർപ്പാടം മഹേഷ് (30), കരിമ്പുഴ കുന്നത്ത് സജിത്ത് (39) എന്നിവരെയാണു മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ യുവതി ഉൾപ്പെടെയുള്ള മറ്റുളളവർക്കായി തിരച്ചിൽ ഊർജിതമാക്കി. ജില്ലയിലെ 17 ധനകാര്യ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ തട്ടിപ്പു നടത്തിയതായി പൊലീസ് പറഞ്ഞു.
ഇതിൽ 11 കേസുകൾ മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുള്ള സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പത്തു പവൻ തൂക്കമുള്ള മാല പണയം വച്ചാണു തട്ടിപ്പു നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഈടായി നൽകുന്ന മാലയിൽ രണ്ടു ഗ്രാം മാത്രമാണു സ്വർണമുള്ളത്.
ബാക്കി മുഴുവൻ മുക്കുപണ്ടമാണ്. പത്തു പവനു രണ്ടു ലക്ഷം രൂപ വീതമാണു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വാങ്ങിയിരുന്നതെന്നും ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. മണ്ണാർക്കാട് ഇൻസ്പെക്ടർ പി.എം.ലിബി, എസ്ഐ ആർ.രാജേഷ്, സിപിഒ കെ.റമീസ് തുടങ്ങിയവരാണ് പിടികൂടിയത്. പ്രതികളെ ധനകാര്യ സ്ഥാപനങ്ങളിൽ എത്തിച്ചു തെളിവെടുത്തു.