തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ തിരക്കിൽ നാസർ മേച്ചേരി
തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ തിരക്കിൽ നാസർ മേച്ചേരി
കളം മാറ്റി; തെരഞ്ഞെടുപ്പ് ഗാനങ്ങളിലും വെന്നിക്കൊടി പാറിച്ച് നാസർ മേച്ചേരി ഷൊർണൂർ: സ്കൂൾ കലോത്സവക്കാലമായാൽ നാസർ മേച്ചേരിക്ക് തിരക്കോട് തിരക്കാണ്. പ്രാഥമികതലം മുതൽ സംസ്ഥാനതലം വരെ കലോത്സവത്തിലെ ഒപ്പന, മാപ്പിളപ്പാട്ട്, കോൽക്കളി വേദികളിൽ മുഴങ്ങിക്കേൾക്കുക നാസറിൻെറ രചനകളാണ്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ കലോത്സവങ്ങൾ ഇല്ലാതായതോടെ നാസറിൻെറ രചനാവൈഭവം തെരഞ്ഞെടുപ്പ് ഗാനങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പക്ഷമില്ലാതെ എല്ലാ പാർട്ടിക്കാർക്ക് വേണ്ടിയും ഇതിനകം പാട്ടെഴുതിക്കഴിഞ്ഞു. നവമാധ്യമങ്ങളിൽ പല പാട്ടുകളും വൈറലായിക്കഴിഞ്ഞു. കേട്ടുതീർന്ന പാടെ മറന്നുപോകുന്ന വരികളല്ല നാസർ മേച്ചേരി രചിക്കുന്നത്. തട്ടിക്കൂട്ട് തെരഞ്ഞെടുപ്പ് പാട്ടുകളുമല്ല. മറിച്ച്, പാട്ടിൻെറ കണക്കുകളും പ്രാസഭംഗിയും കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളുംകൊണ്ട് സമ്പന്നമാണ് പാട്ടുകൾ. എങ്ങനെയും വോട്ടർമാരെ പാട്ടിലാക്കാൻ മെനക്കെടുന്ന സ്ഥാനാർഥികൾക്ക് നാസറിൻെറ വരികളൊരു മുതൽക്കൂട്ടാണ്. പാട്ടിൻെറ ലോകത്ത് പതിറ്റാണ്ടിൻെറ പഴക്കമുള്ള നാസർ മേച്ചേരി മാപ്പിളപ്പാട്ട് ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിലൊക്കെ പ്രശസ്തനാണ്. ഇദ്ദേഹമെഴുതിയ ഒപ്പനപ്പാട്ടിൻെറ വരികൾ മൊഴിമാറ്റം നടത്തി കാലിഫോർണിയ യൂനിവേഴ്സിറ്റി ചരിത്രവിഭാഗം സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുട്ബാളറും അറിയപ്പെടുന്ന ടൂർണമൻെറുകളിൽ സ്ഥിരമായി റഫറിയുമാണ്. മൂന്ന് പതിറ്റാണ്ടായി വല്ലപ്പുഴ വി.സി.എം.എൽ.പി സ്കൂൾ അറബിക് അധ്യാപകനാണ്. നാസർ മേച്ചേരി