ദീപ സന്തോഷ്
അമ്മ
നീയിപ്പോൾ എവിടെയാണ്?
ഒരു നിലാവിൻ തണുവിരൽപോൽ
എന്നെ കുളിരണിയിച്ചുകൊണ്ട്
നിന്നോർമ്മകളെന്നിൽ
പടർന്നു നിറയുമ്പൊഴും
എൻകരളിൽ ഉഷ്ണരാശികളുറഞ്ഞിരുന്നതെന്തിനെന്നറിയുന്നില്ല.
നീയന്നുറങ്ങിയ തൊട്ടിലാട്ടത്തിൻ
ചങ്ങലക്കിലുക്കമിന്നും
ചെവിയെ ഇക്കിളിയാക്കുമ്പൊഴും
ഒഴിഞ്ഞു പോയൊരാ തൊട്ടിൽതുണിയിലെൻമയക്കം
ബാക്കിയായിരുന്നതെന്തിനെന്നുമറിയില്ല.
ഒരു പിടിയന്നത്തിലെൻ ഉമിനീരുറയുന്നവേളയിലും
നിൻവിശപ്പിന്നെരിച്ചിലെൻ
വയറ്റിലാളിയിരുന്നതെന്തിനെന്നുമറിവീല.
കാലത്തിനക്കരെ തുഴഞ്ഞെത്തുവാൻ
നീതെരഞ്ഞെടുത്ത പങ്കായം കൊണ്ടെന്നെ
തുഴഞ്ഞുമാറ്റി
നീ മുന്നേറിയപ്പോൾ
ഒരോളച്ചുഴിയിൽപെട്ട്
ഞാനൊന്നുവട്ടം
തിരിഞ്ഞത് കാണാൻ..
നീയൊന്നു പിന്തിരിഞ്ഞീല.
ഇന്നു ഞാനാ ചുഴിക്കറ്റത്തൊരു
തുള്ളിയായ് മാറിയിട്ടുണ്ട്.
ക്ഷീണിച്ചലഞ്ഞ് നീയെത്തിയാൽ
നിൻ ചെറുനാക്ക് നനയ്ക്കാൻ..
ഈ ഇരുമ്പഴിക്കപ്പുറമൊരു
കുഞ്ഞു ഞണുക്കപ്പാത്രത്തിൽ
നീയിപ്പൊഴും മൺചോറിനൊപ്പമുണ്ണാനൊരിലക്കറിയരിയുകയാണെന്നാണ്
ഞാനെന്റെ ഹൃദയത്തെ വിശ്വസിപ്പിച്ചിരിക്കുന്നത്.
ആ വിശ്വാസം തകർത്തെന്നിൽ സത്യം നിറയ്ക്കാൻ
പാടുപെടുന്ന മരുന്നുകളൊക്കെയും
ഞാൻ..
നാക്കിനടിയിലിട്ട് പുറത്തേക്ക് തുപ്പിയിട്ടുണ്ട്..
ഓരോ തുപ്പലിലും മുഴങ്ങുന്ന ഭ്രാന്തിയെന്ന ശബ്ദം
ഈ നാലു ചുവരുകൾ ഏറ്റു പറയുന്നുണ്ട്..
എന്റെ കുഞ്ഞേ…
പച്ചീർക്കിലിത്തല്ലാൽ
നിറഞ്ഞ നിൻ കണ്ണിൻ പരിഭവം
ഒരു നോക്കുകാണാൻ
കൈ രണ്ടും പിന്നിൽ കെട്ടി ഞാനിവിടെ
കുനിഞ്ഞു കുനിഞ്ഞു നടക്കുകയാണ്..
എരടിമുട്ടിയ നിൻ പെരുവിരൽ
ചോരനിൽക്കാനായി
വരിഞ്ഞു കെട്ടാനാണ്
ഞാനെന്റെ ചേലത്തുമ്പത്രയും കീറിയത്.
അതുകൊണ്ടാണൊരുപാടു കൈകൾ ചേർന്ന്
എന്നെ ഈ കുടുസ്സുമുറിയിൽ അടച്ചിരുത്തിയത്..
സത്യം പറയണം..
ഇതുവല്ലതും നീ അറിയുന്നുണ്ടോ??
കള്ളം പറയുന്നവരുടെ നാക്കുകൾ താഴേക്കുതാഴേക്കിറങ്ങിപ്പോകുമെന്ന്
ഞാൻ പറഞ്ഞത് നീ ഓർക്കാറില്ലേ?
എന്റെ ചുറ്റിലും നിറയെ
ഞാൻ തലപിച്ചിയെറിഞ്ഞ
അപ്പൂപ്പൻ താടികളാണ്.
അതു കാണുമ്പോൾ വിരിയുന്ന
നിൻ പാൽ ചിരി കണ്ടെന്റെ മുലക്കണ്ണിലൊരു വെളുത്ത ദ്രാവകം നനഞ്ഞൊട്ടി കുതിർന്നിരിക്കുന്നു.
എന്റെ കുഞ്ഞേ..
എത്ര വർഷമായി നീയിങ്ങനെ
ഒട്ടും വളരാതെ എന്റെയുള്ളിൽ..!!
ഇനിയെത്ര ജന്മം വേണം
നീയൊന്നുവളർന്നെന്നെയോർത്തിവിടെയെത്താൻ
വയ്യ കുഞ്ഞേ..
ഇനിയും ഈ ജന്മായുസ്സ്നീട്ടി
നിന്നെ കാത്തിരിക്കാൻ..
ഇതിവിടെ ഒടുങ്ങുകയാണ്.
അടുത്ത ജന്മത്തിലും, അതിനടുത്ത ജന്മത്തിലും
എനിക്കു നിന്റെ അമ്മയാകണം..
നിന്നെ മാത്രം കാത്തിരിക്കാൻ
#
ദീപ സന്തോഷ്