പാലക്കാട്, പൊലീസ് നിയമഭേദഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എം.എൽ.എ. ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്‍റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ബൽറാം ഫേസ്ബുക്കിലൂടെ വിമർശിച്ചത്.
‘പൊലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി അടിച്ചേൽപ്പിച്ചതിലൂടെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിന്‍റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?’ -ബൽറാം ചോദിച്ചു.
വിവാദ നിയമത്തിലെ ശിക്ഷാവ്യവസ്ഥയും അദ്ദേഹം എടുത്തുപറയുന്നു.
വ്യക്തികൾക്ക് അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും വിധമാണ് കേരള സർക്കാർ പൊലീസ് ആക്ട് ഭേദഗതി ചെയ്തത്. ചട്ട ഭേദഗഭേദഗതിയി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിലായി. ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങി.