പാലക്കാട്
ഉത്തർപ്രദേശിൽനിന്ന് എറണാകുളത്തേക്ക് സംശയകരമായ സാഹചര്യത്തില്‍ വരികയായിരുന്ന കുട്ടികളെ ട്രെയിനില്‍ നിന്ന് റെയിൽവേ പൊലീസ് പിടികൂടി. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് 15, 17 വയസ്സുള്ള കുട്ടികളെ കോർബ എക്സ്പ്രസിൽ കണ്ടെത്തിയത്. എറണാകുളത്ത് നിർമാണജോലികൾക്കാണ് കുട്ടികളെ എത്തിച്ചതെന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ പാലക്കാട് ചൈൽഡ് ലൈനിനു കൈമാറി.
ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ ഉത്തരേന്ത്യയിൽനിന്ന് കുട്ടികളെ അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർപിഎഫ് പരിശോധന വ്യാപിപ്പിച്ചത്. ട്രെയിൻ കേന്ദ്രീകരിച്ച് അടുത്ത ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് ആർപിഎഫ് അറിയിച്ചു.