പാലക്കാട്: സംസ്ഥാനത്ത് 20രൂപ നിരക്കിൽ ഉച്ചയൂൺ നൽകുന്നതിന് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടലുകളുടെ തുടർപ്രവർത്തനത്തിന് സഹായമൊരുക്കാൻ സപ്ലൈകോയും. ഭക്ഷ്യധാന്യത്തിനുപുറമേ ആവശ്യമെങ്കിൽ പലവ്യഞ്ജനങ്ങളും ഹോട്ടൽ നടത്തിപ്പുകാർക്ക് വിലക്കിഴിവിൽ വിതരണംചെയ്യുന്നതിന് സപ്ലൈകോയ്ക്ക് പൊതുവിതരണവകുപ്പ് നിർദേശം നൽകി.
തിരക്കേറെയുണ്ടായിരുന്ന ഹോട്ടലുകളിൽപ്പോലും കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ആൾ കുറഞ്ഞത് വരുമാനത്തിൽ ഇടിവുണ്ടാക്കിയിരുന്നു. ഇതിനുപുറമേ ധാന്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റവും പലേടത്തും ഹോട്ടൽനടത്തിപ്പ് പ്രതിസന്ധിയിലാക്കി. ഇതോടെയാണ് സപ്ലൈകോ വഴി സഹായം നൽകാൻ തീരുമാനിച്ചതെന്ന് പൊതുവിതരണവകുപ്പ് ഡയറക്ടറുടെ ഓഫീസ് അധികൃതർ പറഞ്ഞു.
ഹോട്ടൽ നടത്തിപ്പുകാർ ആവശ്യമുന്നയിക്കുന്ന മുറയ്ക്ക് സപ്ലൈകോയിൽനിന്ന് ഉത്പന്നങ്ങൾ വിലക്കിഴിവിൽ എത്തിക്കും. ഇത് കുറഞ്ഞവിലയ്ക്ക് ഊണുനൽകുന്ന നിലവിലെസ്ഥിതി തുടരുന്നതിന് അനിവാര്യമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
താലൂക്ക് സപ്ലൈ ഓഫീസർ മാസന്തോറും ഭക്ഷണവിതരണ കണക്ക് പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ധാന്യവും പലവ്യഞ്ജനവും വിലക്കിഴിവിൽ നൽകുക. ഹോട്ടൽ തുടങ്ങുന്നതിനുള്ള ശുപാർശകൾ ലഭിച്ചാൽ കളക്ടർ നേതൃത്വം നൽകുന്ന സമിതി പരിശോധന നടത്തി ഹോട്ടലിന് 10ലക്ഷംവരെ സാമ്പത്തിക സഹായം നൽകും.
കെട്ടിടവാടകയിൽ അടിക്കടിയുണ്ടാവുന്ന വർധനയും ജനകീയ ഹോട്ടലുകൾക്ക് പ്രശ്നമാകുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾവഴി തുടങ്ങുന്ന ഹോട്ടലിന് ആവശ്യമായ കെട്ടിടം വാടകയില്ലാതെ ലഭിക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തണം.