ഇത്തവണ പോളിംഗ് സ്റ്റേഷനുകളിൽ നാല് ജീവനക്കാർ വീതം
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളിൽ നാല് വീതം ജീവനക്കാർ ഉണ്ടാകും. സാധാരണയായി മൂന്ന് ജീവനക്കാരെയാണ് നിയോഗിക്കാറുള്ളത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വോട്ടർമാരുടെ കൈകൾ സാനിറ്റൈസ് ചെയ്യുന്നതിനായാണ് ഒരു ഓഫീസ് അസിസ്റ്റന്റിനെക്കൂടി നിയമിക്കുന്നത്. ഒരു പോളിംഗ് ബൂത്തിലേക്ക് 7 ലിറ്റർ സാനിറ്റൈസർ ആണ് ഇലക്ഷൻ കമ്മീഷൻ കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എൻ -95 മാസ്ക്, ഗ്ലൗസ് എന്നിവയും ഇലക്ഷൻ കമ്മീഷൻ നൽകും.
മാതൃകാപെരുമാറ്റചട്ടം: ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയുടെ അച്ചടി
തിരഞ്ഞെടുപ്പ് ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 124-ാം വകുപ്പിലെയും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 148ാം വകുപ്പിലെയും വ്യവസ്ഥകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും അച്ചടിശാലാ ഉടമസ്ഥരും പാലിക്കണം. ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അവ അച്ചടിക്കുന്ന പ്രസ്സുടമയുടെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണം. കൂടാതെ അച്ചടിക്കുന്നതിന് മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിന് രണ്ട് പേര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫോറത്തിലുള്ള ഒരു പ്രഖ്യാപനം പ്രസാധകന്‍ പ്രസ്സുടമയ്ക്ക് നല്‍കേണ്ടതും അച്ചടിച്ച ശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖകളുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫോറത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്. മുകളില്‍ പറഞ്ഞ ഈ നിയമവ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ ആറുമാസത്തോളം തടവ് ശിക്ഷയോ 3000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കാവുന്ന കുറ്റമാണ്. കൂടാതെ തിരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍ ബാനറുകള്‍ എന്നിവ സ്ഥാപിച്ചതും ഉയര്‍ത്തിയതും സംബന്ധിച്ച വിവരം ബന്ധപ്പെട്ട വരണാധികാരികളെ നിശ്ചിതഫോറത്തില്‍ അറിയിക്കണം.