പാലക്കാട് ബിഹാറിൽനിന്ന് സംശയകരമായ സാഹചര്യത്തിൽ ട്രെയിനിൽ കൊണ്ടുവന്ന കുട്ടികളെ റെയിൽവേ സംരക്ഷണസേന പിടികൂടി. ബിഹാറിൽനിന്ന് കേരള എക്സ്പ്രസിൽ പാലക്കാട്ടേക്ക് 16 കുട്ടികളെയാണ് കൊണ്ടുവന്നത്. കരിങ്കരപ്പുള്ളിയിലെ സ്വകാര്യ വിദ്യാഭ്യാസ ട്രസ്റ്റിന്റെ പേരിലാണ് കുട്ടികളെ എത്തിച്ചത്. ആറ് മുതൽ 16 വയസ്സുവരെയുള്ള കുട്ടികളാണ്. പരിശോധനയിൽ 10പേർ ട്രസ്റ്റിന് കീഴിൽ പഠിക്കുന്നവരാണെന്ന് കണ്ടെത്തി. ആറ് കുട്ടികൾക്ക് രേഖകളില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഭാരവാഹികൾ കുട്ടികളുമായി നടത്തിയ ചർച്ചയ്ക്ക്ശേഷം പത്ത് ദിവസത്തിനകം രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കുട്ടികളെ വടക്കന്തറ ചൈൽഡ് ഹോമിലേക്ക് മാറ്റി.