പാലക്കാട് കിട്ടാത്ത കുടിവെള്ളത്തിന് ഉപഭോക്താക്കൾക്ക് ബില്ല് നൽകിയ പാലക്കാട് നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.നഗരസഭാ കവാടത്തിലാണ് കൗൺസിലർ അബ്ദുൾ സുക്കൂറിന്റെ നേതൃത്വത്തിൽ ഉപഭോക്താക്കൾ സമരം നടത്തിയത്. വെണ്ണക്കര, മൂത്താന്തറ, വടക്കന്തറ പ്രദേശങ്ങളിലെ അമ്പതോളം കുടുംബങ്ങൾക്കാണ് അമൃത് പദ്ധതിയുടെ പേരിൽ കുടിവെള്ളം എത്തുംമുമ്പ് ബില്ല് ലഭിച്ചത്. കുടിവെള്ളത്തിനായി മീറ്റർ സ്ഥാപിക്കുകയോ പൈപ്പ് കണക്ഷൻ നൽകുകയോ ചെയ്യാത്ത വീടുകളിലാണ് ബിൽ ലഭിച്ചത്. സമരക്കാരുമായി നടത്തിയ ചർച്ചയിൽ ബില്ല് അടയ്ക്കേണ്ടെന്നും ബില്ല് മരവിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി ഉറപ്പുനൽകി.