ഉവൈസിയെ കല്ലെറിയും മുമ്പ് പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് എൽഡിഎഫ് – യു ഡി ഫ് മതേതര മുന്നണികളുടെ ശ്രദ്ധ ക്ഷണിക്കുന്നു.
കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ ഹിന്ദുസമുദായത്തിലെ 32 ശതമാനം വരുന്നവരും ബി ജെ പി ക്കാണ് വോട്ടു ചെയ്തത് എന്ന് ആശങ്കപ്പെടുകയും രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ ഇനിയും ന്യൂനപക്ഷങ്ങൾ തങ്ങൾക്ക് തന്നെ പിന്തുണ തരികയും വേണമെന്ന് പറയുകയും ചെയ്യുന്ന ഇടതു – വലതു മതേതര മുന്നണികൾക്ക് രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടേണ്ട ആവിശ്യകതയെ സംബന്ധിച്ചും വർഗീയ കക്ഷിയായ ബി ജെ പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുന്നതിലും എത്രത്തോളം ജാഗ്രതയുണ്ട് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് സംസ്ഥാനത്തെ ബി ജെ പി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയായ പാലക്കാട് .
ചില വാർഡുകളിലെ തെരെഞ്ഞെടുപ്പു ഫലങ്ങൾ നാം പരിശോധിക്കണം.
കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയും ഇപ്പോഴത്തെ പാലക്കാട് മുനിസിപ്പൽ വൈസ് ചെയർമാനുമായ സി കൃഷ്ണകുമാർ മത്സരിച്ച് വിജയിച്ച കൊപ്പം വാർഡിന്റെ വോട്ടിങ്ങ് നില കാണണം.
ബി ജെ പി : 470 , സി പി ഐ എം : 372, കോൺഗ്രസ്: 431. കോൺഗ്രസും സിപിഎം ഉം ധാരണയുണ്ടായിരുന്നെങ്കിൽ ചുരുങ്ങിയത് 803 വോട്ടുകൾ നേടി 333 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മതേതര മുന്നണിക്ക് കൃഷ്ണകുമാറിനെ തോൽപ്പിക്കാമായിരുന്നു.
മേപ്പറമ്പ് വാർഡിൽ ബി ജെ പി ജയിച്ചത് 786 വോട്ടുകൾ നേടിയാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 458 വോട്ടുകൾ. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചത് 490 വോട്ടുകൾ. ഒന്നിച്ചു നിന്നിരുന്നെങ്കിൽ 948 വോട്ടുകൾ നേടി 162 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി ജെ പി യെ പരാജയപ്പെടുത്താമായിരുന്നു. ബി ജെ പി സ്ഥാനാർത്ഥിക്ക് ജയിക്കാൻ അവസരം കൊടുത്ത ഇടതനും വലതനും ഇവിടെ നിർത്തിയിരുന്നത് മുസ്ലിം വനിതാ സ്ഥാനാർത്ഥികളെയായിരുന്നുവെന്ന് ഇതിനോട് ചേർത്തുവായിക്കണം.
ഒലവക്കോട് സെൻട്രൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 765 വോട്ടുകൾ. കോൺഗ്രസിന് 590 ഉം ഇടതു സ്വതന്ത്രന് 372 ഉം വോട്ടുകൾ. ഒന്നിച്ച്നിന്നിരുന്നുവെങ്കിൽ 962 വോട്ടുകൾ നേടി 197 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയെ തോൽപ്പിക്കാമായിരുന്നു. ഇവിടെയും ഇരുമുന്നണികൾ നിർത്തിയിരുന്നത് മുസ്ലിം സ്ഥാനാർത്ഥികളെയായിരുന്നു.
പള്ളിപ്പുറം വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചത് 557 വോട്ടുകൾ നേടിയാണ്. കോൺഗ്രസിന് 457 ഉം ഇടത് സ്വതന്ത്രന് 322 ഉം വോട്ടുകളാണ് ലഭിച്ചത്. ഒന്നിച്ച്നിന്നിരുന്നെങ്കിൽ 779 വോട്ടുകൾ നേടി 222 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു.
തോണിപ്പാളയം വാർഡിൽ ബി ജെ പി ക്ക് ലഭിച്ചത് 709 വോട്ടുകൾ. കോൺഗ്രസിന് 273, ഇടത് സ്വതന്ത്രന് 437, മറ്റൊരു മതേതര സ്വാതന്ത്രന് 69 എന്നീ നിലയിലാണ് വോട്ടുകൾ. ഒന്നിച്ച് നിന്നിരുന്നെങ്കിൽ 779 വോട്ടുകൾ നേടി 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി യെ പരാജയപ്പെടുത്താമായിരുന്നു.
തെരെഞ്ഞെടുപ്പു ഘട്ടത്തിൽ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താനുള്ള അവസരം കോൺഗ്രസ് – ലീഗ് – സി പി എം നേതൃത്വത്തിൽ ഇല്ലാതാക്കി. ബിജെപിക്ക് ഭരണം ലഭിച്ചപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചില അവിശ്വാസ പ്രമേയ നാടകങ്ങളുമായി യുഡിഎഫി ന്റെ നേതൃത്വം രംഗത്ത് വന്നു. അവിശ്വാസം വിജയിക്കാൻ 27 പേരുടെ പിന്തുണ വേണ്ടിടത്ത് യു ഡി എഫിനു ലഭിച്ചത് 26 വോട്ടുകളാണ്. എന്നാൽ കോൺഗ്രസിന്റെ കൗൺസിലർ വി. ശരവണൻ നാടകീയമായി രാജിവെച്ചു. വി. ശരവണനെ ബി ജെ പി പണം കൊടുത്ത് സ്വാധീനിച്ചു എന്ന് പറയുമ്പോഴും ശരവണൻ എന്ന കോൺഗ്രസ് കൗൺസിലറെ പിടിച്ചു നിർത്താൻ കഴിയാത്ത വിധം ദുർബലമായിരുന്നു മതേതര കോൺഗ്രസ്. ശരവണന്റെ രാജിയെ സംബന്ധിച്ച് അറിയാമായിരുന്നിട്ടും ഇടപെടലുകൾ നടത്താൻ ലീഗ് – കോൺഗ്രസ് മുന്നണിക്ക് താൽപര്യമില്ലായിരുന്നുവെന്നതാണ് മറ്റൊരു സത്യം.
അവിശ്വാസ പ്രമേയം പാസാകാൻ ഓരോ ബി ജെ പി വിരുദ്ധ കൗൺസിലർമാരുടെയും വോട്ടുകൾ നിർണായമായിരുന്നു എന്നിരിക്കേ പ്രമേയം പാസാകുന്നതിന് ആഴ്ച്ചകൾക്ക്മുമ്പ് പുതുപ്പള്ളി തെരുവിലെ ലീഗ് വിമതനായി മത്സരിച്ച് വിജയിച്ചിരുന്ന കെ സൈതലവിക്കെതിരെ കള്ളകേസ് കൊടുത്ത് കോടതി വിധി സമ്പാദിച്ച് അവിശ്വാസ പ്രമേയത്തിൽ വോട്ടു ചെയ്യാനുള്ള അദ്ദേഹത്തിന്റെ അവസരം നഷ്ട്ടപ്പെടുത്തിയത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി എ അബ്ദുൽ അസീസായിരുന്നു. മുനിസിപ്പൽ വൈസ് ചെയമാൻ ബിജെപി നേതാവായ സി കൃഷ്ണകുമായുള്ള ഇദ്ദേഹത്തിന്റെ അവിശുദ്ധ ബന്ധം പാലക്കാട്ട് പരസ്യമായ രഹസ്യമാണ്.
ഇപ്പോഴും അവിശ്വാസ പ്രമേയം പാസാക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നതിൽ മുസ്ലിംലീഗ് നേതൃത്വം പ്രത്യേകം ജാഗ്രത പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്. അവിശ്വാസ പ്രമേയം കൊണ്ട് വരാൻ യു ഡി എഫ് വീണ്ടും ശ്രമിക്കുന്നു എന്ന് വാർത്തവരുന്ന സാഹചര്യത്തിലാണ് പ്രമേയം പാസാക്കാനുള്ള ചർച്ചകൾക്ക് പോലും കാത്തു നിൽക്കാതെ 2019 ജൂൺ 29 ന് സർക്കാർ ജോലിലഭിച്ചുവെന്ന് പറഞ്ഞ് ലീഗ് കൗൺസിലർ ഹാസില എ എം രാജിവെച്ചത്.
മതേതര കേരളത്തിൽ ബി ജെ പി എന്ന വർഗീയ ശക്തിയുടെ അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും മതേതര മുന്നണികൾ എന്നവകാശപ്പെടുന്ന ഇടതനും വലതനും സ്വീകരിക്കാൻ പോകുന്ന നിലപാടിന്റെ ട്രാക്ക് റെക്കോർഡാണ് ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റി.
ഈ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ മതേതര മുന്നണികൾ അവരുടെ സംഘപരിവാർ വിരുദ്ധത പ്രവർത്തിയിൽ തെളിയിക്കൂ…. ഉവൈസിയെ നമുക്ക് ഒന്നിച്ച് കല്ലെറിയാം.
നടക്കാത്ത കാര്യങ്ങൾ ചർച്ചയാക്കുന്നത് ശരിയാണോ? കേരളത്തിൽ ബിജെപി, കോൺഗ്രസ്/ സിപിഐ എം പാർട്ടികൾക്ക് ഭീഷണിയായി വളർന്നിട്ടില്ല. നിങ്ങളുടെ നിർദ്ദേശങ്ങൾ പത്തു കൊല്ലത്തിന് ശേഷം ചർച്ചയ്ക്കെടുക്കാം.