നാലു വർഷം തികയുന്ന 15ന് പ്രതിഷേധ റാലി നടത്തും.
കടമ്പഴിപ്പുറം ∙ കുറ്റകൃത്യങ്ങൾ അതിവേഗം തെളിയിക്കുന്ന കാലഘട്ടത്തിലും നാടിനെ നടുക്കിയ കണ്ണുകുർശ്ശിയിലെ ഇരട്ടക്കൊലപാതകത്തിന് ഇനിയും തുമ്പായില്ല. 2016 നവംബർ 15 നാണ് വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ (രാജൻ –62) ഭാര്യ:തങ്കമണി (തങ്കമ്മു–52) എന്നിവരെ വീട്ടിലെ കിടപ്പു മുറിയിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടത്. നാലു വർഷമായിട്ടും കേസിൽ വഴിത്തിരിവ് ഉണ്ടായില്ല.
കൊലചെയ്യപ്പെട്ട ദമ്പതികൾ കടമ്പഴിപ്പുറം സബ് റജിസ്ട്രാർ ഓഫിസിനു സമീപം സ്ഥലം വാങ്ങാനായി അഡ്വാൻസ് നൽകിയിരുന്നു. ഇതിന്റെ റജിസ്ട്രേഷനുള്ള ഒരുക്കത്തിനിടെ ആണ് ഇവരുടെ കൊലപാതകം. വലിയ തുകയ്ക്കാണ് സ്ഥലം വാങ്ങാൻ തീരുമാനിച്ചിരുന്നത്. ഈ തുക ലക്ഷ്യം വച്ചാകും ആക്രമണം എന്ന സംശയം അക്കാലത്ത് ഉയർന്നിരുന്നു. വീട്ടമ്മ അണിഞ്ഞിരുന്ന 3 പവൻ മോഷണം പോയിരുന്നു.
തീർത്തും വിജനമായ സ്ഥലത്താണ് ഇവരുടെ വീട്. ദമ്പതികൾ മാത്രമാണ് ഇവിടെ താമസം. ശത്രുക്കൾ ഒന്നുമില്ലാത്ത ഇവർ എന്തിന് ആക്രമിക്കപ്പെട്ടു ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുത്തു. പക്ഷേ, പ്രതികൾ ഇപ്പോഴും കാണാമറയത്തു തന്നെ.
പൊലീസ് അന്വേഷണം ഫലം കാണാത്തതിനെ തുടർന്ന് പ്രതിഷേധം ഇരമ്പി. ഇതിനിടെ സർവകക്ഷി ആക്‌ഷൻ കൗൺസിൽ നിലവിൽ വന്നു. ഫെബ്രുവരിയിൽ സംയുക്ത സമര സമിതി രൂപീകരിച്ചു. പിന്നീട് തുടർച്ചയായി സമരം നയിച്ചു. സിബിഐ അന്വേഷണം വേണം എന്നാണ് ഇവരുടെ ആവശ്യം.