ചെളിയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു
ഷോളയൂർ: കടമ്പാറയിൽ ഞായറാഴ്ച രാത്രി ചെളിനിറഞ്ഞ പൊട്ടക്കിണറ്റിലകപ്പെട്ട ആനയെ കാടുകയറ്റി. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കാടമ്പാറ ഊരിനുവെളിയിൽ കാടിനോട് ചേർന്നാണ് ഉപയോഗശൂന്യമായ പൊട്ടക്കിണറുള്ളത്. 18 വയസ്സുള്ള കൊമ്പനാണ് കിണറ്റിലെ ചെളിയിൽ കുടുങ്ങിയത്. കാട്ടിനകത്തുനിന്ന് വെള്ളം തേടിയെത്തിയതാണ് ആനയെന്നു കരുതുന്നു. മുക്കാൽഭാഗത്തോളം ചെളിനിറഞ്ഞ കിണറ്റിൽ മഴ പെയ്ത് വെള്ളവുമുണ്ടായിരുന്നു. നടന്നുപോകുന്നതിനിടെ ചെളിയിൽ കാൽകുടുങ്ങിയതാവാമെന്നാണ് കരുതുന്നത്. ആനയുടെ ചിഹ്നംവിളികേട്ട് ഊരുവാസികളെത്തി. ഇവർ വിവരമമറിയിച്ച് വനംവകുപ്പുമെത്തി. ദ്രുതകർമസേനയുടെ ജീപ്പിന്റെ ലൈറ്റ് തെളിയിച്ച് ആനയെ നിരീക്ഷിച്ചു.
നാട്ടുകാരുടെ ബഹളത്തിനിടെ പരിഭ്രാന്തനായ ആന ചെളിയിൽനിന്ന് കാൽ ഊരിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
രണ്ടുമണിക്കൂറിന്റെ പരിശ്രമത്തിനൊടുവിലാണ് ആന കരകയറിയത്. തുടർന്ന് ആനയെ കാടുകയറ്റിവിട്ടു. ഡെപ്യൂട്ടി റെയ്ഞ്ചർ വി.എ. സതീഷന്റെ നിർദേശത്തെത്തുടർന്ന് ട്രൈബൽ വാച്ചർ വെള്ളിങ്കിരി, വാച്ചർമാരായ മുരളി, മണി, പഴനി, രഞ്ജിത്, മുരുകൻ, കടമ്പാറ മുരുകൻ, ചിന്നൻ എന്നിവരാണ് വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നത്.