വയോജനങ്ങളുടെ കേസുകൾ ഓൺലൈനിലൂടെ തീർപ്പാക്കി പാലക്കാട് ആർ.ഡി.ഒ.
••••••••••••• •••••••••••••• •••••••••••••
പാലക്കാട് : കോവിഡ്-19 ന്റെ പശ്ചാതലത്തിൽ സർക്കാർ റിവേഴ്‌സ് ക്വാറന്റൈൻ നിർദ്ദേശിച്ചതിനാൽ വയോജനങ്ങൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ആയതുകൊണ്ടുതന്നെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം-2007 പ്രകാരം മെയിന്റനൻസ് ട്രൈബൂണലുകളിൽ രജിസ്റ്റർ ചെയ്ത വയോജനങ്ങളുടെ കേസുകൾ തീർപ്പാക്കാൻ സാധിക്കുന്നില്ല.വയോജനങ്ങളുടെ പരാതികൾ അതിവേഗം പരിഹാരം കാണേണ്ടതിനാൽ ഓൺലൈൻ ആപ്ലിക്കേഷനുകളായ ഗൂഗിൾ മീറ്റ്, സൂം, വാട്സാപ്പ് എന്നിവയിലൂടെ ഹർജിക്കാരുടെ മൊഴി രേഖപ്പെടുത്തുകയും, എതിർകക്ഷികളെ മെയിന്റനൻസ് ട്രൈബൂണലിൽ നേരിട്ട് വിളിച്ചുവരുത്തിയുമാണ് വിചാരണ നടത്തുന്നത്.
മുതിർന്ന പൗരന്മാരുടെ പരാതികൾ തീർപ്പാക്കാൻ വൈകുന്നതുമൂലം ഹർജിക്കാർ മരണപ്പെടുന്ന സാഹചര്യമുണ്ടെന്നും, മെയിന്റനൻസ് ട്രൈബൂണൽ ടെക്നിക്കൽ അസിസ്റ്റന്റ്, വില്ലേജ് ഓഫീസർമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവരുടെ സഹായത്തോടുകൂടി വയോജനങ്ങളുടെ കേസുകൾ തീർപ്പാക്കുമെന്ന് പാലക്കാട് മെയിന്റനൻസ് ട്രൈബൂണൽ പ്രിസൈഡിങ് ഓഫീസറും, റവന്യൂ ഡിവിഷണൽ ഓഫീസറുമായ
പി. കാവേരികുട്ടി അറിയിച്ചു.